കമലയെ 'ഫസ്റ്റ് ലേഡി'യെന്ന് വിളിച്ച് ബൈഡൻ; പൊട്ടിച്ചിരിച്ച് സദസ്
text_fieldsയു. എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഒരു നാക്കുപിഴയാണ് ഇപ്പോൾ അമേരിക്കയിലടക്കം സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിക്കൊണ്ടിരിക്കുന്നത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ 'ഫസ്റ്റ് ലേഡി'(പ്രഥമ വനിത)യെന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചതാണ് അബദ്ധമായത്.
വൈറ്റ്ഹൗസിലെ തന്നെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. വൈസ് പ്രസിഡന്റ് കമല ഹാരിസ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നതിനിടെയാണ് സംഭവം. ''പ്രഥമ വനിതയുടെ ഭർത്താവിന് കോവിഡ് പോസിറ്റീവ് ബാധിച്ചതിനാൽ ആരാണ് വേദിയിലുള്ളത് എന്നതിന്റെ ക്രമീകരണത്തിൽ ചെറിയ മാറ്റമുണ്ട്" -പ്രസിഡന്റ് ബൈഡൻ പറഞ്ഞു. സദസ് ഇതുകേട്ട് ആകെ അമ്പരന്നു. ചിലർ പരിഭ്രാന്തരായി. പ്രസിഡന്റിന്റെ ഭാര്യക്ക് കോവിഡ് പോസിറ്റീവാണെന്ന് ചിലർ തെറ്റിദ്ധരിച്ചു. ഉടൻ തന്നെ ബൈഡൻ തെറ്റ് തിരുത്തി. കാര്യങ്ങൾ വിശദമാക്കി. അപ്പോഴും സദസിന് ചിരി അടക്കാനായില്ല. ഭർത്താവിന് കോവിഡ് പോസിറ്റീവ് ബാധിച്ച വിവരവും താൻ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആയിരുന്നെന്നും കമല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
പ്രസിഡന്റ് ബൈഡന് നാക്ക് പിഴ ഇതാദ്യമായിട്ടല്ല. ഈ മാസമാദ്യം, തന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്‌നിന് പിന്തുണ അഭ്യർത്ഥിച്ചപ്പോൾ, അദ്ദേഹം യുക്രേനിയക്കാരെ "ഇറാൻ ജനത" എന്ന് പരാമർശിച്ചു. 'വ്ലാദിമിർ പുടിൻ കിയവിനെ ടാങ്കുകളുമായി ചുറ്റിയേക്കാം. എന്നാൽ ഇറാനിയൻ ജനതയുടെ ഹൃദയവും ആത്മാവും അദ്ദേഹം ഒരിക്കലും നേടുകയില്ല' -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം അദ്ദേഹം തന്റെ വൈസ് പ്രസിഡന്റായ ഹാരിസിനെ "പ്രസിഡന്റ് ഹാരിസ്" എന്ന് തെറ്റായി വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.