2024ൽ ജനവിധി തേടുകയാണെങ്കിൽ കമല ഹാരിസും ഒപ്പമുണ്ടാകുമെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: 2024ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ താൻ വീണ്ടും ജനവിധി തേടുകയാണെങ്കിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഒപ്പമുണ്ടാകുമെന്ന് ജോ ബൈഡൻ. പ്രസിഡന്‍റ് പദത്തിലെ വാർഷികത്തിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ബൈഡൻ പ്രതികരണം.
വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ കമല ഹാരിസിന്‍റെ പ്രവർത്തനങ്ങളിൽ തൃപ്തനാണോ എന്നും 2024ൽ കമല അധികാര പങ്കാളിയാകുമോ എന്നുമുള്ള ചോദ്യത്തിനാണ് ബൈഡൻ പ്രതികരിച്ചത്. ചോദ്യത്തിന് 'അതെ' എന്ന മറുപടിയാണ് യു.എസ് പ്രസിഡന്‍റ് നൽകിയത്.
2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് താനും ബൈഡനും ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. ബൈഡൻ വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി കമല ഹാരിസ് ഉണ്ടാവില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
അമേരിക്കൻ വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും കറുത്ത വർഗക്കാരിയും ഇന്തോ-അമേരിക്കൻ വംശജയുമാണ് കമല ഹാരിസ്. ഇന്ത്യയിൽ നിന്നും ജമൈക്കയിൽ നിന്നും കുടിയേറിയവരാണ് കമലയുടെ മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.