ജോ ബൈഡന് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി
text_fieldsവാഷിങ്ടൻ: യു.എസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ആണ് രോഗവിവരം ഔദ്യോഗികമായി അറിയിച്ചത്. ലാസ് വേഗാസിൽ യുണിഡോസ് യു.എസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്.
ബൈഡൻ ഐസ്വലേഷനിലാണെന്നും പ്രതിരോധ മരുന്നിന്‍റെ ആദ്യ ഡോസ് നൽകിയെന്നും ഡോക്ടർമാർ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻപിയർ അറിയിച്ചു. മൂക്കൊലിപ്പും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ട്. ഡെലവെയറിലെ ബീച്ച് വസതിയിലാണ് 81കാരനായ ബൈഡൻ ഐസലേഷനിലുള്ളതെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.
തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്നും ആരോഗ്യവാനാണെന്നും രോഗമുക്തിക്കായി ആശംസകൾ നേർന്ന എല്ലാവർക്കും നന്ദിയെന്നും ജോ ബൈഡൻ എക്സിൽ കുറിച്ചു. ഐസ്വലേഷനിൽ കഴിഞ്ഞു കൊണ്ട് അമേരിക്കൻ ജനതക്ക് വേണ്ടി ഔദ്യോഗിക ചുമതലകൾ പൂർത്തിയാക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
മൂന്നാം തവണയാണ് ബൈഡന് കോവിഡ് രോഗം ബാധിക്കുന്നത്. അതേസമയം, കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.