അനധികൃതമായി തോക്ക് കൈവശം വെച്ചു; ജോ ബൈഡന്റെ മകൻ ഹണ്ടറിനെതിരെ കേസ്
text_fieldsവാഷിങ്ടൺ: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കേസ്. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 2018ൽ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് ഹണ്ടറിനെതിരായ കേസ്.
യു.എസ് നിയമപ്രകാരം മയക്കുമരുന്നിന് അടിമപ്പെട്ടയാൾക്ക് തോക്ക് കൈവശം വെക്കാൻ അധികാരമില്ല. നികുതിവെട്ടിപ്പിനും മയക്കുമരുന്ന് വിൽപ്പനക്കാർക്ക് വേണ്ടി ഇടപ്പെട്ടതിനും ഹണ്ടറിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2024ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡനെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ് മകനെതിരായ കേസ്.
തോക്ക് ലൈസൻസിനായുള്ള അപേക്ഷയിൽ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറൽ സർക്കാറുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി, അനധികൃതമായി ആയുധം കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങൾക്ക് പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 750,000 ഡോളർ വരെ പിഴശിക്ഷയും ലഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.