യു.എസ് പ്രസിഡന്റ് സ്ഥാനാർഥി സംവാദം; ട്രംപിനെ കുരുക്കി കമല ഹാരിസ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കിനിൽക്കെ സ്ഥാനാർഥികൾ മുഖാമുഖം നിന്ന സംവാദത്തിൽ റിപ്പബ്ലിക്കൻ പ്രതിനിധി ഡോണൾഡ് ട്രംപിനെ പ്രതിരോധത്തിലാക്കി ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ്. ഫിലഡെൽഫിയയിൽ ചൊവ്വാഴ്ച ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ടെലിവിഷൻ സംവാദത്തിലാണ് കൃത്യമായ വാക്കുകളും ശരീരഭാഷയുമായി ഇന്ത്യൻ വംശജ മേൽക്കൈ നേടിയത്. ഗസ്സയും യുക്രെയ്നും കുടിയേറ്റവുമടക്കം വിവിധ വിഷയങ്ങളിൽ നിലപാടറിയിച്ചും പരസ്പരം കുറ്റപ്പെടുത്തിയും സംവാദം പുരോഗമിച്ചു.
പ്രചാരണ റാലികളിലെ ആൾക്ഷാമവും കഴിഞ്ഞ തെരഞ്ഞെടുപ്പിനുടൻ കാപിറ്റോളിൽ നടന്ന കലാപവുമടക്കം എടുത്തിട്ട് ട്രംപിനെ കുരുക്കിയ കമല ‘‘ട്രംപ് റാലികൾക്കെത്തുന്നവർ തളർച്ചയും മടുപ്പുംമൂലം വേഗം വേദി വിടുകയാണെ’’ന്ന് വിമർശിച്ചു. എന്നാൽ, കമല അധികാരത്തിലെത്തിയാൽ ഇസ്രായേൽ രാഷ്ട്രംതന്നെ ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. രാജ്യം മുഴുക്കെ പ്രചാരണവുമായി നടക്കുന്ന ഇരു സ്ഥാനാർഥികളെയും രാജ്യത്തെ ജനങ്ങൾക്ക് ഒരേ വേദിയിൽ അടുത്തറിയാൻ അവസരമൊരുക്കിയാണ് ടെലിവിഷൻ സംവാദം നടക്കുന്നത്.
ജൂണിൽ ട്രംപ് - ബൈഡൻ ചർച്ചയിൽ ബൈഡൻ പിറകോട്ട് പോയത് ബൈഡന് സ്ഥാനാർഥിത്വംതന്നെ നഷ്ടമാക്കിയിരുന്നു. ഇത്തവണ സംവാദം മുൻ പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റും തമ്മിലായപ്പോൾ കമല ആധിപത്യം കാട്ടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പലപ്പോഴും ചോദ്യങ്ങളിൽ പതറിയ ട്രംപ് നെടുനീളൻ വിശദീകരണങ്ങൾക്ക് സമയം കണ്ടെത്തേണ്ടിവന്നു. ഗർഭച്ഛിദ്രമടക്കം വിഷയങ്ങളിൽ മുൻ പ്രസിഡന്റ് മറുപടി പറയാൻ പണിപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ നിലവിൽവന്ന ഗർഭച്ഛിദ്ര നിരോധനം ‘‘ട്രംപ് ഗർഭച്ഛിദ്ര നിരോധനങ്ങൾ’’ ആണെന്നായിരുന്നു കമലയുടെ വാക്കുകൾ. നയങ്ങളിലെ പാളിച്ചകളും പദവിയിലിരുന്ന കാലത്തെ ട്രാക്ക് റെക്കോഡും പ്രകോപനപരമായ പ്രസ്താവനകളും മാറ്റിനിർത്തി ട്രംപിന്റെ അഹംഭാവത്തെ മാത്രം മുൻനിർത്തിയുള്ള ആക്രമണങ്ങളായിരുന്നു കമലയുടെ ശൈലി.
സംവാദത്തിനൊടുവിൽ എ.ബി.സി ചാനൽ അവതാരകർ പക്ഷംപിടിച്ചെന്നതടക്കം ആരോപണങ്ങളുമായി റിപ്പബ്ലിക്കൻമാർ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.