യു.എസിൽ കലാശക്കൊട്ട്; വോട്ടെടുപ്പ് നാളെ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ. അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റാവുമെന്ന് ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസും രണ്ടാം ഊഴത്തിനരികെയെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി ഡോണൾഡ് ട്രംപും പ്രതീക്ഷ വെക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്.
അഭിപ്രായ സർവേകളിൽ കമല ഹാരിസ് നേരിയ മുൻതൂക്കം പുലർത്തുന്നുവെങ്കിലും സാധ്യത ഒപ്പത്തിനൊപ്പമാണെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ജനഹിതം ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അവസാനവട്ട പ്രചാരണത്തിലാണ് ഇരുവരും. മിക്ക സംസ്ഥാനങ്ങളിലും രാവിലെ ഏഴിന് തുടങ്ങി രാത്രി എട്ടുവരെയാണ് വോട്ടിങ് സമയം. എന്നാൽ, രാജ്യത്ത് വിവിധ സമയങ്ങളിലായതിനാൽ കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നേരത്തേ അവസാനിക്കും. നവംബർ അഞ്ചിന് മുമ്പ് വോട്ടുരേഖപ്പെടുത്താനുള്ള സൗകര്യം ഉപയോഗപ്പെടുത്തി ഇതിനകം 7.5 കോടിയോളം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ സംസ്ഥാനത്തെയും ജനസംഖ്യ പരിഗണിച്ച് വിഭജിക്കപ്പെട്ട മൊത്തം 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടുന്നവരാണ് പ്രസിഡന്റാകുക. മൊത്തം വോട്ടുകളിൽ ഭൂരിപക്ഷം നേടിയാലും ഇലക്ടറൽ കോളജ് വോട്ടുകളിൽ പിറകിലായാൽ ജയം അസാധ്യമാകുമെന്ന സവിശേഷതയുണ്ട്.
ജൂലൈ വരെ പോരാട്ടം ബൈഡനും ട്രംപും തമ്മിലായിരുന്നെങ്കിലും ടെലിവിഷൻ സംവാദത്തിൽ വീണ് ബൈഡൻ പിന്മാറ്റത്തിന് നിർബന്ധിതനാകുകയായിരുന്നു. വൈകി അങ്കം കുറിച്ചെങ്കിലും കറുത്ത വംശജരടക്കം വൻതോതിൽ കൂടെ നിൽക്കുന്നത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വംശജകൂടിയായ കമല ഹാരിസ്.
പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ, നെവാദ, ജോർജിയ, നോർത്ത് കരോലൈന, അരിസോണ എന്നീ ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ പിടിക്കാനാകുന്നവർക്ക് മത്സരം എളുപ്പമാകും. നികുതി, കുടിയേറ്റം, ഗർഭച്ഛിദ്രം, വിദേശ രാഷ്ട്രീയം തുടങ്ങിയവയിലൂന്നിയാണ് ഇരു സ്ഥാനാർഥികളും പ്രധാനമായി പ്രചാരണം കൊഴുപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.