ആശങ്കയിൽ പശ്ചിമേഷ്യ
text_fieldsട്രംപിന്റെ തിരിച്ചുവരവിൽ ഏറെ സന്തോഷിക്കുന്ന രാജ്യം ഒരുപക്ഷേ ഇസ്രായേൽ ആയിരിക്കും. 1948ൽ അറബ് രാജ്യങ്ങൾക്കിടയിൽ ഇസ്രായേൽ എന്ന രാജ്യം സ്ഥാപിക്കുകയും അതിനെ ആദ്യമായി അംഗീകരിക്കുകയും ചെയ്തത് അമേരിക്കയായിരുന്നു. സാമ്പത്തിക, സൈനിക സഹായത്തിന് പുറമെ സുരക്ഷയിലും രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കാളിത്തത്തിലും ഇരുവരും ഉറ്റ സുഹൃത്തുക്കളാണെങ്കിലും ഡോണൾഡ് ട്രംപിന്റെ കാലത്താണ് ഈ ബന്ധം ഏറ്റവും ശക്തിപ്പെട്ടത്.
1967ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത ഗോലാൻ കുന്നിന്മേലുള്ള ജൂതരാജ്യത്തിന്റെ പരമാധികാരം 2019ൽ അംഗീകരിച്ചത് ട്രംപ് ഭരണകൂടമാണ്. ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന് അംഗീകരിച്ച് 2018ൽ തെൽ അവീവിൽനിന്ന് തങ്ങളുടെ എംബസി ജറൂസലമിലേക്ക് മാറ്റിയതും ട്രംപാണ്. ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള പോരാട്ടമാണ് ദശകങ്ങളായി ഫലസ്തീൻകാർ നടത്തുന്നത്. അത് അംഗീകരിക്കാനാവില്ലെന്ന സന്ദേശമാണ് അതിലൂടെ അമേരിക്ക നൽകിയത്.
ഫലസ്തീനികൾ അധിവസിക്കുന്ന വെസ്റ്റ് ബാങ്കും ഗസ്സയും പൂർണമായി കൂട്ടിച്ചേർക്കുന്നതിനുള്ള അവസാന തടസ്സവും നീങ്ങിക്കിട്ടി എന്നതാണ് ട്രംപിന്റെ വിജയം ഇസ്രായേലിന് നൽകുന്ന പ്രതീക്ഷ. ചുരുങ്ങിയപക്ഷം ഗസ്സയുടെ ചില ഭാഗങ്ങളെങ്കിലും ചേർക്കാനാവുമെന്നാണ് നെതന്യാഹു കരുതുന്നത്.
അതാണ് ഇനിയും അന്ത്യം കാണാത്ത ഗസ്സ യുദ്ധത്തിലൂടെ ഇസ്രായേൽ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ ബൈഡൻ ഭരണകൂടം ഇപ്പോൾ നൽകിവരുന്ന പരോക്ഷ പിന്തുണ ഇനി പ്രത്യക്ഷ പിന്തുണയാവും എന്നതാണ് വരാനിരിക്കുന്ന വലിയ മാറ്റം. അന്താരാഷ്ട്ര നിയമങ്ങളും രക്ഷാസമിതി പ്രമേയങ്ങളും നെതന്യാഹുവിനെപോലെ ട്രംപിനെയും അലട്ടുന്ന വിഷയങ്ങളല്ല.
മാത്രമല്ല, ട്രംപിന്റെ മരുമകൻ ജാറെദ് ക്രൂഷനർ ഗസ്സയിലെ പുനർനിർമാണത്തിലും റിയൽ എസ്റ്റേറ്റ് ഇടപാടിലും താൽപര്യം പ്രകടിപ്പിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ പശ്ചിമേഷ്യ നയം നിയന്ത്രിക്കുന്നത് ഇനി ക്രൂഷനർ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. വെസ്റ്റ്ബാങ്ക് ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് പുസ്തകമെഴുതിയ ഇസ്രായേലിലെ മുൻ യു.എസ് അംബാസഡർ ഡേവിഡ് ഫ്രെയിഡ്മാൻ വിദേശ കര്യം നിയന്ത്രിക്കാനും സാധ്യതയുണ്ട്. രണ്ടായാലും ഫലസ്തീനിൽ ഇസ്രായേലിന് അവകാശമുണ്ടെന്ന് വാദിക്കുന്നവരും വിശ്വസിക്കുന്നവരുമാവും ഇനി പശ്ചിമേഷ്യ നയം രൂപവത്കരിക്കുക എന്ന് വ്യക്തം.
ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുകയോ യു.എൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം വിലക്കുകയോ ചെയ്താൽ ആയുധം നൽകുന്നത് നിർത്തിവെക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും നെതന്യാഹുവിന് ഈയിടെ കത്തയച്ചിരുന്നു. നവംബർ 12നകം ഇതിൽ തീരുമാനമെടുക്കണമെന്നായിരുന്നു കത്ത്.
ഇനി ഈ അന്ത്യശാസനത്തിന് വലിയ വിലയില്ലാതാവുകയാണ്. കാരണം, ഗസ്സയിലെ യു.എൻ ദുരിതാശ്വാസ ഏജൻസി ഉന്റക്ക് 2018ൽ യു.എസ് ഫണ്ട് തടഞ്ഞത് ട്രംപായിരുന്നു. ബൈഡൻ ഭരണകൂടമാണ് അത് പുനഃസ്ഥാപിച്ചത്. ചുരുക്കത്തിൽ, ഇസ്രായേലിനെ പേരിനെങ്കിലും വിമർശിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു ബൈഡന്റെ നയം. ആ നാമമാത്ര തടസ്സങ്ങളും നീങ്ങിക്കിട്ടി എന്നതാണ് പശ്ചിമേഷ്യയെ ആകുലപ്പെടുത്തുന്നത്.
ഇറാനെതിരായ യു.എസ് നിലപാട് ഒന്നുകൂടി കടുക്കും എന്നതാണ് മറ്റൊരു വശം. ഇറാനും അഞ്ച് ലോക രാജ്യങ്ങളുമായുണ്ടാക്കിയ ഇറാൻ ആണവകരാറിൽനിന്ന് 2018ൽ അമേരിക്ക പിന്മാറിയത് ട്രംപിന്റെ നിർബന്ധത്തിലാണ്. ഇതേതുടർന്ന് ഇറാനുമേൽ അമേരിക്ക ഉപരോധം ശക്തമാക്കുകയും ചെയ്തു. തുടർന്നുവന്ന ബൈഡന് കരാർ പൂർണമായി പുനഃസ്ഥാപിക്കാനായില്ല. അതേസമയം, ഡെമോക്രാറ്റുകൾ കരാർ പുനഃസ്ഥാപിക്കുന്നതിനോട് അനുകൂലമായിരുന്നു. ഭരണമാറ്റത്തോടെ ഈ നീക്കങ്ങൾ അവസാനിക്കുകയും ഇറാൻ-അമേരിക്ക ബന്ധം കൂടുതൽ വഷളാവാനുമാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.