യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: നേരത്തേ വോട്ട് ചെയ്തവർ 2.1 കോടി പിന്നിട്ടു
text_fieldsവാഷിങ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസും റിപ്പബ്ലിക്കൻ ടിക്കറ്റിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള പ്രചാരണം ശക്തമായിരിക്കെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. നവംബർ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
യൂനിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽനിന്നുള്ള കണക്കുകൾ പ്രകാരം, 78 ലക്ഷം പേർ ഏർലി ഇൻ-പേഴ്‌സൻ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാൽ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും നിരവധി ഇന്ത്യൻ വംശജർ വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കുന്നത് കാണാനായി.
അതേസമയം, ഏഷ്യൻ അമേരിക്കക്കാർക്കിടയിൽ നേരത്തേ പോൾ ചെയ്തവർ 1.7 ശതമാനം മാത്രമാണ്. റിപ്പബ്ലിക്കൻ പാർട്ടിയാണ് നേരത്തേയുള്ള വോട്ടിങ്ങിനായി കൂടുതൽ പ്രചാരണം നടത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ കമലക്ക് 46 ശതമാനവും ട്രംപിന് 43 ശതമാനവും പിന്തുണ ലഭിച്ചിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന അരിസോണ, നെവാഡ, വിസ്കോൺസൻ, മിഷിഗൻ, പെൻസൽവേനിയ, നോർത്ത് കരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളാകും തെരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജോർജിയയിലെ നാലിലൊന്ന് വോട്ടർമാരും നേരത്തേയുള്ള പോളിങ് പ്രയോജനപ്പെടുത്തിയതായാണ് റിപ്പോർട്ട്.
അതിനിടെ, കമല ഹാരിസിന്റെ പ്രചാരണത്തിന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽഗേറ്റ്സ് 50 ദശലക്ഷം ഡോളർ സംഭാവന നൽകി. സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണങ്ങളിൽ, ട്രംപ് വീണ്ടും പ്രസിഡന്റാവുന്നതിൽ ബിൽഗേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് വിവരം.
ബിൽഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ട്രംപ് അധികാരത്തിലെത്തുന്നതിൽ ആശങ്കയുണ്ട്. കുടുംബാസൂത്രണം, ആരോഗ്യപദ്ധതികൾ എന്നിവയിലെല്ലാം ട്രംപിന്റെ നയങ്ങളിൽ ഫൗണ്ടേഷൻ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.