യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: വീണ്ടും ബൈഡൻ- ട്രംപ് പോര്
text_fieldsവാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പ്രതിനിധിയായി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഡോണൾഡ് ട്രംപും വീണ്ടും കൊമ്പുകോർക്കും. ഇരുപാർട്ടികളിലും കാര്യമായ എതിർപ്പില്ലാതെയാണ് ഇരുവരും ആവശ്യമായ പ്രതിനിധികളെ ഉറപ്പിച്ചത്. ജനുവരിയിൽ ഇയോവയിൽ ജയത്തോടെ തുടങ്ങിയ ട്രംപ് അവസാനമായി ചൊവ്വാഴ്ച നടന്ന ജോർജിയ, മിസിസിപ്പി, വാഷിങ്ടൺ പ്രൈമറികളും തൂത്തുവാരി.
എതിരാളിയായി രംഗത്തുണ്ടായിരുന്ന നിക്കി ഹാലി ഒരാഴ്ച മുമ്പേ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റ് നിരയിൽ എതിരാളിയാകുമെന്ന് കരുതിയ ജോൺ എഫ്. കെന്നഡി സ്വതന്ത്രനായി മത്സരിക്കാൻ നേരത്തെ കളം വിട്ടതിനാൽ ജോ ബൈഡന് ആരും എതിരെയുണ്ടായിരുന്നില്ല. അതിനാൽ വൻ മാർജിനിലാണ് എല്ലാ പ്രൈമറികളും തൂത്തുവാരിയത്. 1968 പ്രതിനിധികൾ വേണ്ട ബൈഡന് ഇതിനകം 2,107 പേരും 1215 പേർ വേണ്ട ട്രംപിന് 1241ഉം പേരായി.
അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചിത്രം നേരത്തെ തെളിഞ്ഞതോടെ നീണ്ട ഏഴു പതിറ്റാണ്ടിനിടെ പ്രസിഡന്റുമാർ തമ്മിലെ ആദ്യത്തെ മുഖാമുഖമാകും. വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയ 2020ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ഇത്തവണ തുടക്കം മുതൽ കാര്യമായ എതിർപ്പില്ലാതെയായിരുന്നു ട്രംപിന്റെ കുതിപ്പ്. ഇന്ത്യൻ വംശജരടക്കം തുടക്കത്തിൽ രംഗത്തുവന്നെങ്കിലും അതിവേഗം പിന്മാറി. അവസാനം ഏറ്റവും കൂടുതൽ പ്രൈമറികൾ നടന്ന ‘സൂപ്പർ ചൊവ്വ’ കടക്കാനാവാതെ നിക്കി ഹാലിയും പിന്മാറി. വെർമണ്ട്, വാഷിങ്ടൺ ഡി.സി എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഹാലി ജയം കണ്ടത്.
പാർട്ടിക്കുള്ളിൽ ഇരുവരും കരുത്തരാണെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്ന ചോദ്യം നിലനിൽക്കുകയാണ്. ഗസ്സ വംശഹത്യക്കുള്ള പിന്തുണ ബൈഡനെതിരെ വോട്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിരവധി പ്രൈമറികളിൽ പ്രതിഷേധ വോട്ട് ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.