യു.എസ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിൽ ട്രംപിന് വഴി എളുപ്പമാകുന്നു
text_fieldsവാഷിങ്ടൺ: രണ്ടാം അവസരം തേടി അങ്കത്തിനിറങ്ങി തോൽവി വാങ്ങുകയും കലാപം സൃഷ്ടിച്ച് കോടതി കയറുകയും ചെയ്ത ഡോണൾഡ് ട്രംപ് തന്നെയാകുമോ അടുത്ത തവണയും റിപ്പബ്ലിക്കൻ പക്ഷത്തെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥി? സെനറ്റർ ടിം സ്കോട്ടും കഴിഞ്ഞ ദിവസം പിൻവാങ്ങിയതോടെയാണ് ട്രംപിനു മുന്നിലെ മാർഗതടസ്സങ്ങൾ ഒന്നൊന്നായി ഒഴിയുന്നത്.
നിലവിൽ ഇന്ത്യൻ വംശജ നിക്കി ഹാലി, റോൺ ഡിസാന്റിസ് എന്നിവരും ചില ദുർബലരും രംഗത്തുണ്ടെങ്കിലും ട്രംപിന് കാര്യമായ ഭീഷണി സൃഷ്ടിക്കാനാകുമോ എന്ന് വ്യക്തമല്ല. ഇതുവരെയും സ്കോട്ടിനൊപ്പംനിന്ന ശതകോടീശ്വരൻ സ്റ്റാൻലി ഡ്രക്കൻമില്ലർ അടക്കം ഇനി നിക്കി ഹാലിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റിടങ്ങളിലും നിക്കി ഹാലി കൂടുതൽ കരുത്തുകാട്ടി ട്രംപിന് ഭീഷണി സൃഷ്ടിക്കുമോയെന്നാണ് കാത്തിരുന്ന് കാണാനുള്ളത്. മറ്റൊരു ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും റിപ്പബ്ലിക്കൻ നിരയിൽ രംഗത്തുണ്ട്. ഞായറാഴ്ച രാത്രി ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു ടിം സ്കോട്ട് അപ്രതീക്ഷിത പിന്മാറ്റം പ്രഖ്യാപിച്ചത്. ട്രംപല്ലാത്ത ആരെയും പിന്തുണക്കാൻ വോട്ടർമാർ തയാറല്ലെന്ന് തിരിച്ചറിഞ്ഞാണ് തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ 60 ശതമാനം പിന്തുണയും മുൻ പ്രസിഡന്റ് ട്രംപിനാണ്.
ഫ്ലോറിഡ ഗവർണർ ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്- 14 ശതമാനം വോട്ടർമാരുടെ പിന്തുണയാണുള്ളത്. അതിനും താഴെയാണ് നിക്കി ഹാലി. എന്നാൽ, സ്കോട്ടിന്റെ പിന്മാറ്റത്തോടെ കൂടുതൽ പിന്തുണ ആർജിക്കാനാകുമെന്ന പ്രതീക്ഷ നിക്കി ഹാലി ക്യാമ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.