യു.എസ് നിലപാടിൽ മാറ്റം: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എന്നിൽ പ്രമേയം അവതരിപ്പിക്കും
text_fieldsന്യൂയോർക്ക്: ഗസ്സയിൽ വെടിനിർത്തൽ ആവശ്യമുന്നയിച്ച് യു.എന്നിൽ അവതരിപ്പിച്ച പ്രമേയങ്ങളെയെല്ലാം നാളിതുവരെ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞ അമേരിക്ക, ഒടുവിൽ നിലപാടിൽ മാറ്റം വരുത്തുന്നു. ഉടൻ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്തും റഫയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിനെ എതിർത്തുകൊണ്ടും യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്ക പ്രമേയം അവതരിപ്പിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ബന്ദിമോചനം സാധ്യമാക്കി ആയിരിക്കണം താൽക്കാലിക വെടിനിർത്തലും മാനുഷിക സഹായമെത്തിക്കലും എന്ന് കരട് പ്രമേയത്തിൽ പറയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിൽ റഫയിൽ വലിയ കരയാക്രമണം നടത്തരുതെന്ന് സുരക്ഷാ കൗൺസിൽ ഉറപ്പാക്കണമെന്നും യുഎസ് പ്രമേയത്തിൽ പറയുന്നു.
ഗസ്സയിലെ 23ലക്ഷം ഫലസ്തീനി ജനതയിൽ 14 ലക്ഷത്തിലധികം പേർ റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഇവിടെ റമദാനിൽ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു.
അതിനിടെ, സെക്യൂരിറ്റി കൗൺസിലിലെ അറബ് അംഗമായ അൾജീരിയ അവതരിപ്പിക്കാനിരുന്ന വെടിനിർത്തൽ പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ഈ പ്രമേയം ബന്ദി കൈമാറ്റത്തിന് വിലങ്ങുതടിയാകുമെന്നാണ് യു.എസിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.