അമേരിക്കയുടെ 'ഗുഡ് സർടിഫിക്കറ്റ്' ലഭിച്ചു; സുഡാൻ ഇനി 'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസ്റ്റ്' അല്ല
text_fieldsഖാർതും: മൂന്നു പതിറ്റാണ്ടിനു ശേഷം സുഡാനെ അമേരിക്ക ഭീകരരാഷ്്ട്ര പട്ടികയിൽനിന്ന് ഒഴിവാക്കി. ഖാർതുമിലെ അമേരിക്കൻ എംബസി ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. സാമ്പത്തികമായി ഏറെ തകർന്ന സുഡാനെ ഭീകര പട്ടികയിൽനിന്ന് നീക്കുന്നതോടെ സാമ്പത്തിക, വ്യാപാര രംഗത്ത് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര വായ്പകളും സഹായങ്ങളും രാജ്യത്തിന് ലഭിക്കാനും വഴിയൊരുങ്ങും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഉത്തരവിൽ ഒപ്പുവെക്കുന്നതോടെ തിങ്കളാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും.
1990ൽ അൽഖാ ഇദ നേതാവ് ഉസാമ ബിൻ ലാദിനും മറ്റ് തീവ്രവാദികൾക്കും അഭയം നൽകിയതിനാണ് ആഫ്രിക്കൻ രാജ്യമായ സുഡാനെ അമേരിക്ക ഭീകരരാഷ്ട്ര പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗസ്സയിലെ ഫലസ്തീൻ പേരാളികൾക്ക് ഇറാനിൽനിന്നുള്ള ആയുധങ്ങൾ എത്തിക്കുന്നത് സുഡാൻ വഴിയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. സുഡാനെ ഭീകരപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതോടെ ഇസ്രായേലുമായി ബന്ധം ശക്തമാക്കാനാണ് നീക്കം.
യു.എ.ഇക്കും ബഹ്റൈനും ശേഷം ഇസ്രായേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മുസ്ലിം രാഷ്ട്രമാവുകയാണ് സുഡാൻ. മൊറോക്കോയും സുഡാനു പിന്നാലെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ രംഗത്തുവന്നിട്ടുണ്ട്. 2019ൽ ഉമർ അൽ ബഷീറിനെ പുറത്താക്കിയ ശേഷം സിവിൽ-മിലിറ്ററി സംയുക്തഭരണമാണ് സുഡാനിൽ. 1998 ൽ ബിൻ ലാദിൻ സുഡാനിലായിരിക്കെ കെനിയയിലെയും താൻസനിയയിലെയും അമേരിക്കൻ എംബസിക്കുനേരേ അൽഖാ ഇദ നടത്തിയ ആക്രമണത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാമെന്നും സുഡാൻ സമ്മതിച്ചിട്ടുണ്ട്.
നഷ്ടപരിഹാര തുകയായ 335 ദശലക്ഷം ഡോളർ നൽകുകയാണെങ്കിൽ സുഡാനെ ഭീകര പട്ടികയിൽനിന്ന് നീക്കം ചെയ്യാമെന്ന് ഒക്ടോബറിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഭീകര രാഷ്ട്ര പട്ടികയിൽ പെട്ട സുഡാൻ ഉപരോധത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.
ഇറാൻ, സറിയ, നോർത്ത് കൊറിയ രാജ്യങ്ങളാണ് അമേരിക്കയുടെ ഭീകരവാദ പട്ടികയിൽ ഇനിയുള്ള രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.