ഇറാനെതിരായ ഉപരോധം അമേരിക്ക പുനസ്ഥാപിക്കുന്നു
text_fieldsവാഷിങ്ടൺ: വൻ പ്രതിഷേധങ്ങൾക്കിടെ ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം അമേരിക്ക തിരിച്ചു കൊണ്ടുവരുന്നു. 2015ൽ വൻ ശക്തി രാഷ്ട്രങ്ങളുമായി ഇറാനുണ്ടാക്കിയ ആണവ കരാറിനെ തുടർന്ന് മരവിപ്പിച്ച ഉപരോധമാണ് ശനിയാഴ്ച ട്രംപ് ഭരണകൂടം പുനഃസ്ഥാപിക്കുന്നത്. ഏതാനും ചില രാഷ്ട്രങ്ങളുടെമാത്രം പിന്തുണയുള്ള നീക്കം, ഐക്യരാഷ്ട്ര സഭയുടെ വിശ്വാസ്യത പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കയുടെ സഖ്യകക്ഷികളടക്കമുള്ള യു.എൻ രക്ഷാസമിതി അംഗങ്ങൾ നീക്കത്തോട് വിയോജിക്കാനും അവഗണിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രിത സ്വഭാവത്തിൽ അടുത്തയാഴ്ച നടക്കുന്ന യു.എൻ പൊതുസഭയിൽ ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷികം ആഘോഷിക്കാനിരിക്കെ, അമേരിക്കയുടെ നീക്കം കൂടുതൽ തർക്കങ്ങൾക്ക് വേദിയാകും. ഉപരോധ തീരുമാനെത്ത അവഗണിക്കാനുള്ള മറ്റു രാഷ്ട്രങ്ങളുടെ തീരുമാനത്തോട് യു.എസ് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിൽ ഇറാനുമേൽ കനത്ത ഉപരോധം അടിച്ചേൽപിച്ച യു.എസ്, ഉപരോധം നടപ്പാക്കാത്ത രാജ്യങ്ങൾക്ക് മേൽ പിഴ ചുമത്തിയേക്കും.
തങ്ങളുടെ നിലപാടിനെ മൊത്തമായി തള്ളിക്കളയുന്ന സാഹചര്യം വന്നാൽ, നിലവിൽ വിവിധ യു.എൻ സംഘടനകളിൽനിന്നും കരാറുകളിൽനിന്നും പിൻവാങ്ങിയ അമേരിക്ക അന്താരാഷ്ട്ര സംഘടനയിൽനിന്ന് കൂടുതൽ അകലുന്ന സാഹചര്യമാണുണ്ടാവുക. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കനത്ത മത്സരം നേരിടുന്ന ട്രംപ്, ചൊവ്വാഴ്ച നടക്കുന്ന യു.എൻ പൊതുസഭയിൽ ഇറാൻ വിഷയം ഉന്നയിച്ചേക്കും. ഇതിന് പുറമെ ഇസ്രായേൽ-യു.എ.ഇ, ബഹ്റൈൻ കരാറിൽ യു.എസ് മധ്യസ്ഥത വഹിച്ചതും പ്രസംഗത്തിൽ വിഷയമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.