യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരെന്ന് അംബാസിഡർ
text_fieldsവാഷിങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡർ എറിക് ഗാർസെറ്റി. ഈ വർഷം ആറോളം ഇന്ത്യൻ, ഇന്ത്യൻ വംശജരായ വിദ്യാർഥികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമത്തിനായി യു.എസ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം പരിഹരിച്ചിട്ടുണ്ട്. മുമ്പ് ഒരു വർഷത്തിലേറെ വിദ്യാർഥികൾക്ക് യു.എസ് വിസക്കായി കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇപ്പോൾ ഒമ്പത് മാസം കൊണ്ട് വിദ്യാർഥികൾക്ക് യു.എസ് വിസ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ക്ഷേമത്തിനായാണ് യു.എസ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ മക്കൾ ഞങ്ങളുടേയും കൂടി മക്കളാണെന്നാണ് രക്ഷിതാക്കളോട് പറയാനുള്ളത്. യു.എസിലെത്തുന്ന വിദ്യാർഥികൾ അവിടെ പഠിക്കുന്നവരുടെ സഹായത്തോടെ പ്രാദേശിക സാഹചര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഗാർസെറ്റിയുടെ പ്രതികരണം.
ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർഥികൾ എപ്പോഴും തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് യു.എസ്. എന്നാൽ, ഈയടുത്ത് യു.എസിൽ നടന്ന വിദ്യാർഥികളുടെ മരണം ആശങ്കക്കിടയാക്കിയിരുന്നു. ഇന്ത്യൻ എംബസിയുടെ കണക്ക് പ്രകാരം 2,68,923 വിദ്യാർഥികളാണ് 2022-23ൽ യു.എസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.