ചെങ്കടലിൽ ഏതൊക്കെ കപ്പലുകൾക്ക് കടന്നുപോകാമെന്ന് തീരുമാനിക്കേണ്ടത് ഹൂതികളല്ല, ആക്രമണം തുടരുമെന്ന് യു.എസ്; തിരിച്ചടിക്കുമെന്ന് ഹൂതികൾ
text_fieldsസൻആ: യമനിൽ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി യു.എസും ചെങ്കടലിൽ കപ്പലുകൾക്ക് നേരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതി വിമതരും. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങളിൽ യു.എസ് കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ശക്തമാകുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ചെങ്കടലിൽ ഏതൊക്കെ കപ്പലുകൾക്ക് കടന്നുപോകാം, പോകാൻ പാടില്ല എന്ന് തീരുമാനിക്കാൻ ഹൂതികളെ സമ്മതിക്കില്ലെന്നും അവരുടെ ശക്തി തകർക്കുന്നതുവരെ ആക്രമണം തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. ആക്രമണത്തിൽ വിവിധ ഹൂതി നേതാക്കൾ കൊല്ലപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാട്സ് അവകാശപ്പെട്ടെങ്കിലും വിശദാംശങ്ങൾ നൽകിയില്ല.
അതേസമയം, യു.എസ് ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഹൂതികളുടെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി ഞായറാഴ്ച മുന്നറിയിപ്പ് നൽകി. യു.എസിന്റെ ചരക്ക് കപ്പലുകളെയും യുദ്ധക്കപ്പലുകളെയും വിമാനവാഹിനികളെയും ലക്ഷ്യമിട്ടായിരിക്കും തിരിച്ചടി നൽകുക. യു.എസ് കടന്നുകയറ്റം തുടർന്നാൽ ആക്രമണം കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിമാനവാഹിനിയായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനെ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതി വിമതർ അവകാശപ്പെട്ടു. എന്നാൽ, വ്യോമാക്രമണത്തിന് മറുപടിയായി ഹൂതികൾ 11 ഡ്രോണുകളും മിസൈലും പ്രയോഗിച്ചതായി യു.എസ് രഹസ്യ വൃത്തങ്ങൾ സമ്മതിച്ചു. ഹൂതികളുടെ 10 ഡ്രോണുകൾ വ്യോമസേനയും ഒരു ഡ്രോൺ നാവികസേനയും വെടിവെച്ചിട്ടു. മിസൈൽ കടലിൽ പതിച്ചതായും ഒന്നും യുദ്ധക്കപ്പലുകളിൽ ഇടിച്ചില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ യു.എസ് ആക്രമണത്തിൽ യമനിൽ മരിച്ചവരുടെ എണ്ണം 53 ആയതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടും. 100ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന ഹൂതികളുടെ ശക്തികേന്ദ്രങ്ങളായ സൻആയിലും സഅദായിലുമാണ് പ്രധാനമായും ആക്രമണമുണ്ടായത്.
ആക്രമണം യമനിലെ ജനങ്ങളുടെ ജീവിത സാഹചര്യം കൂടുതൽ ദുരിതപൂർണമാക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് മുന്നറിയിപ്പ് നൽകി. ഏറ്റുമുട്ടലുകളിൽനിന്ന് ഇരുവിഭാഗവും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.