ഗസ്സ വെടിനിർത്തൽ കരാർ യാഥാർഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇസ്രായേലും ഹമാസും തമ്മിലുള്ള ഗസ്സ വെടിനിർത്തൽ കരാർ യാഥാർഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ വെടിനിർത്തൽ -ബന്ദി മോചന കരാർ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈഡൻ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാർ നടപ്പാക്കാൻ കഴിയുമെന്നാണ് വിശ്വാസം. പ്രസിഡന്റ് ബൈഡൻ തയാറാക്കിയ പദ്ധതി പ്രകാരമുള്ള കരാറാണ് നടപ്പാക്കുകയെന്നും പാരിസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ ബ്ലിങ്കൻ വ്യക്തമാക്കി. ഏറ്റുമുട്ടലുകൾ അവസാനിച്ചാൽ ഗസ്സ മുനമ്പിന്റെ പുനർനിർമാണം, ഭരണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും ബൈഡൻ ഭരണകൂടം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഈ പദ്ധതി നിർദേശവും ട്രംപ് ഭരണകൂടത്തിന് കൈമാറും. ഗസ്സയിൽ വെടിനിർത്തൽ സാധ്യമായാൽ നിരവധി അവസരങ്ങളാണ് ലഭിക്കുക. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം സാധാരണ നിലയിലെത്തുകയും ഫലസ്തീനികളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളിൽ ധാരണയാവുമെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടി.
മേയിലാണ് ബൈഡൻ ഭരണകൂടം മൂന്നു ഘട്ടമായുള്ള ഗസ്സ വെടിനിർത്തൽ കരാറിനുള്ള രൂപരേഖ തയാറാക്കിയത്. ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ യു.എസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടക്കുന്നത്. വെടിനിർത്തൽ ആറ് ആഴ്ച നീണ്ടുനിൽക്കുമെന്നും 34 ബന്ദികളെ വിട്ടയക്കാൻ തീരുമാനമായതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.