യുക്രെയ്ൻ പൗരൻമാരെ റഷ്യയിലേക്ക് നിർബന്ധപൂർവ്വം കൊണ്ടു പോകുന്നതായി യു.എസ്
text_fieldsവാഷിങ്ടൺ: യുക്രെയ്നിൽ റഷ്യൻ ആക്രമണം കനത്തതോടെ യുക്രെയ്ൻ പൗരൻമാരെ നിർബന്ധപൂർവ്വം റഷ്യയിലേക്ക് കൊണ്ടു പോകുന്നെന്ന ആരോപണവുമായി അമേരിക്ക. 1.2 ദശലക്ഷം യുക്രെയ്ൻ പൗരൻമാരെ റഷ്യയിലെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് യുക്രെയ്ൻ നേരത്തെ ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽ എത്ര ക്യാമ്പുകൾ ഉണ്ടെന്നോ അവ എങ്ങനെയാണെന്നോ തനിക്കിപ്പോൾ പറയാൻ സാധിക്കില്ലെന്ന് പെന്‍റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.
"യുക്രെയ്ൻ പൗരൻമാരെ നിർബന്ധപൂർവ്വം റഷ്യയിലേക്ക് കൊണ്ടു പോകുന്നതായി ഞങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇത് മനസ്സാക്ഷിക്ക് നിരക്കാത്ത പ്രവർത്തിയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു വിഭാഗം ഇങ്ങനെയല്ല പെരുമാറേണ്ടത്"- കിർബി പറഞ്ഞു.
റഷ്യയിലെ ഏതെങ്കിലും ഒറ്റപ്പെട്ടതോ സാമ്പത്തികമായി തളർന്നതോ ആയ പ്രദേശങ്ങളിലേക്കാണ് ഇവരെ കൊണ്ടു പോകുന്നതെന്നാണ് കിയവിന്‍റെ വാദം. യുക്രെയ്ന്‍റെ പരമാധികാരം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അംഗീകരിക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നതിന്‍റെയും മറ്റൊരു ഉദാഹരണമാണിതെന്ന് കിർബി പറഞ്ഞു. അധിനിവേശത്തിൽ റഷ്യ നിരവധി യുദ്ധ കുറ്റങ്ങൾ ചെയ്തതിന് തെളിവുണ്ടെന്നും കിർബി കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണം തുടങ്ങി ആറ് ആഴ്ചകൾക്ക് ശേഷം ആയിരക്കണക്കിന് യുക്രെയ്ൻ പൗരൻമാരെയാണ് റഷ്യയിലേക്കയച്ചതെന്ന് നേരത്തെ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.