ആന്റണി ബ്ലിങ്കൻ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി
text_fieldsബെയ്ജിങ്: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകീട്ടായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ദ്വിദിന സന്ദർശനത്തിൽ ബ്ലിങ്കൻ നിരവധി ചൈനീസ് ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു കൂടിക്കാഴ്ച. ഏറ്റുമുട്ടലിന്റെ പാത വേണോ അതോ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണോ എന്നത് വലിയ തെരെഞ്ഞടുപ്പാണെന്ന് ചൈനീസ് മുൻ വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. യു.എസും ചൈനയും തമ്മിലുള്ള ബന്ധം ആരോഗ്യകരമായ രീതിയിലേക്ക് മാറ്റുകയാണ് പ്രധാനമെന്നും വാങ് യി വ്യക്തമാക്കി. ചൈനയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ബ്ലിങ്കൻ മാധ്യമങ്ങളെ കാണുന്നുണ്ട്.
അഞ്ചുവർഷത്തിനിടെ, യു.എസിൽ നിന്ന് ആദ്യമായാണ് ഒരു ഉന്നതതല നയതന്ത്ര ഉദ്യോഗസ്ഥൻ ചൈന സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തുകയാണ് ബ്ലിങ്കന്റെ ദ്വിദിന സന്ദർശനത്തിന്റെ ലക്ഷ്യം.
ജോ ബൈഡൻ യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ചൈന സന്ദർശിക്കുന്ന ഉന്നത യു.എസ് ഉദ്യോഗസ്ഥൻ ആണ് ഇദ്ദേഹം. വ്യാപാരം, പ്രാദേശിക സുരക്ഷ, തായ്‍വാൻ, ദക്ഷിണ ചൈന കടൽ തുടങ്ങിയ വിഷയങ്ങളിലാണ് യു.എസും ചൈനയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നത്.
ചാരബലൂൺ വിഷയത്തെ തുടർന്ന് ഫെബ്രുവരിയിൽ നടക്കേണ്ട സന്ദർശനം ബ്ലിങ്കൻ മാറ്റിവെക്കുകയായിരുന്നു. യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. യു.എസിന്റെയും സഖ്യകക്ഷികളുടെയും താൽപര്യം സംരക്ഷിക്കുക, ആശങ്കൾ ചർച്ച ചെയ്ത് പരിഹരിക്കുക എന്നിവയാണ് അജണ്ടയിലുള്ളതെന്ന് സന്ദർശനത്തിന് മുന്നോടിയായി ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.