യു.എസ് സെനറ്റ് പിടിക്കാൻ ജോർജിയയിൽ നിർണായക വോട്ടെടുപ്പ്
text_fieldsവാഷിങ്ടൺ: യു.എസ് സെനറ്റിെൻറ നിയന്ത്രണം ആരുടെ കൈയിലാകുമെന്ന് നിശ്ചയിക്കുന്നതിൽ നിർണായകമായ ജോർജിയയിൽ വോട്ടെടുപ്പ് തുടങ്ങി. ഇവിടെ രണ്ടു സീറ്റിൽ ജയിച്ചാൽ, കോൺഗ്രസിലാകെ ജോ ബൈഡന് നിയന്ത്രണം ഉറപ്പാക്കാനാകും. അതുവഴി തെൻറ നയങ്ങൾ തടസ്സമില്ലാതെ നടപ്പാക്കാനും അദ്ദേഹത്തിനാകും.
'നാം സ്നേഹിക്കുന്ന അമേരിക്കയെ രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന്' പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിലവിൽ റിപ്പബ്ലിക്കൻ നേതാക്കളായ കെല്ലി ലിയോഫ്ലർ, ഡേവിഡ് പെർഡ്യൂ എന്നിവരാണ് ജോർജിയയിൽനിന്നുള്ള സെനറ്റ് അംഗങ്ങൾ. ആർ. റാഫേൽ, ജോൺ ഒസ്സോഫ് എന്നിവരാണ് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ.
നവംബർ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ടുകിട്ടിയിരുന്നില്ല. ഇതാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. യു.എസ് സെനറ്റിൽ ആകെ 100 സീറ്റാണുള്ളത്. ഇതിൽ നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 52 സീറ്റുണ്ട്. ഇന്നലത്തെ വോട്ടെടുപ്പിൽ ഡെമോക്രാറ്റുകൾ ജയിച്ചാൽ തുല്യനില വരുന്നതോടെ, നിയുക്ത വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ വോട്ടുവഴി ഡെമോക്രാറ്റുകൾ അധികാരം ഉറപ്പിക്കും. ഇതാണ് റിപ്പബ്ലിക്കൻ കക്ഷിയെ ആശങ്കപ്പെടുത്തുന്നത്.
ആരോഗ്യസേവനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമായ നയമാണ് ബൈഡേൻറത്. ഇതെല്ലാം സെനറ്റിലും അധികാരം ലഭിച്ചാൽ എളുപ്പം പാസാക്കാനാകും. കാബിനറ്റിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള നിയമനങ്ങൾ തള്ളാനുള്ള അധികാരവും സെനറ്റിനുണ്ട്. യു.എസ് പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് വോട്ടെടുപ്പ് അവസാനിക്കുക. സാധാരണ ഗതിയിൽ ഫലപ്രഖ്യാപനം വൈകില്ലെങ്കിലും, ഇരുകക്ഷികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ, പല തവണയായുള്ള വോട്ടെണ്ണൽ മൂലം ഫലം വൈകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.