കോവിഡ് സാമ്പത്തിക സഹായ ബിൽ യു.എസ് സെനറ്റിൽ പാസായി
text_fieldsവാഷിങ്ടൺ: പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യൺ ഡോളറിെൻറ സാമ്പത്തിക പാക്കേജ് യു.എസ് സെനറ്റിൽ പാസായി. 50 പേർ ബില്ലിന് അനുകൂലമായും 49 പേർ എതിർത്തും വോട്ട് ചെയ്തു. കോവിഡ് സഹായ ബിൽ പാസാക്കിയതിന് സെനറ്റിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നന്ദി അറിയിച്ചു.
ജനങ്ങൾ ഇതിനോടകം ഏറെ ദുരിതം അനുഭവിച്ചു കഴിഞ്ഞെന്നും അവർക്കുള്ള സഹായം ഇനി അകലെയല്ല എന്ന് ബൈഡൻ പറഞ്ഞു. പ്രസിഡൻറ് തെരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ബൈഡൻെറ കോവിഡ് സാമ്പത്തിക സഹായ പാക്കേജ്.
അർഹരായവർക്ക് ഒറ്റത്തവണയായി 1,400 ഡോളർ ലഭിക്കും. 75000 ഡോളർ വരെ വരുമാനമുള്ളവർക്ക് ഇത് ലഭിക്കും. എന്നാൽ, തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവർക്ക് ആഴ്ചയിൽ 400 ഡോളറിന് പകരം 300 ഡോളർ മാത്രമേ ഇനി ലഭിക്കൂ. പ്രതിസന്ധി ഘട്ടത്തിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട 9.5 ദശലക്ഷം ആളുകൾക്കാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിൽ ആഴ്ചയിൽ ഈ 300 ഡോളർ ലഭിക്കുക. കോവിഡ് മഹാമാരി സാമ്പത്തിക സ്ഥിതി താളംതെറ്റിച്ച സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്ക് 350 ബില്യൺ ഡോളറിൻെറ സഹായമാണ് നൽകുന്നത്.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് കൂടാതെ കോവിഡ് വാക്സിനേഷനും പരിശോധനയും വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കും പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് കുതിച്ചുയർന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബൈഡൻ ഭരണകൂടത്തിന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.