സി.എ.എ: ആശങ്കയുമായി യു.എസ് സെനറ്റർ
text_fieldsവാഷിങ്ടൺ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ തീരുമാനത്തിൽ ആശങ്കയറിയിച്ച് യു.എസ് സെനറ്റർ ബെൻ കാർഡിൻ. യു.എസ്-ഇന്ത്യ ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിൽ മതം പരിഗണിക്കാതെ എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
‘‘വിവാദ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ തീരുമാനത്തിൽ അങ്ങേയറ്റം ഉത്കണ്ഠാകുലനാണ്. നിയമം ഏറ്റവുമധികം ബാധിക്കുന്നത് മുസ്ലിം സമുദായത്തെയാണെന്നതിനാൽ വിശേഷിച്ചും. വിശുദ്ധ റമദാൻ മാസത്തിൽ നിയമം നടപ്പാക്കാൻ ശ്രമിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു’’ - യു.എസ് സെനറ്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷൻ കൂടിയായ ബെൻ കാർഡിൻ പറഞ്ഞു. നേരത്തെ, സി.എ.എ ചട്ടങ്ങളുടെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതെങ്ങനെയെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് വിദേശകാര്യ വക്താവാണ് പ്രതികരിച്ചത്.
നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചു. വിവാദ നിയമം മൗലികമായി വിവേചനപരമായ സ്വഭാവമുള്ളതാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണറുടെ വക്താവ് കുറ്റപ്പെടുത്തി. 2019ൽ തങ്ങൾ പറഞ്ഞതുപോലെ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിന്റെ ചട്ടങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേർന്നുനിൽക്കുമോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എൻ വക്താവ് വ്യക്തമാക്കി.
അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമേരിക്കയുടെ പ്രതികരണം അനാവശ്യവും അനുചിതവും തെറ്റായതുമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.