ഇസ്രായേലിന് ദിവസവും അമേരിക്ക നൽകുന്നത് 159 ടൺ ആയുധങ്ങൾ
text_fieldsവാഷിങ്ടൺ: അടിയന്തര വെടിനിർത്തലിന് ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നിട്ടും യു.എൻ പ്രമേയത്തെ ഒറ്റക്ക് എതിർത്തുതോൽപിച്ച യു.എസ്, ഇസ്രായേലിന് വീണ്ടും ആയുധങ്ങൾ നൽകുന്നു. യു.എസ് കോൺഗ്രസിനെ മറികടന്നാണ് ബൈഡൻ ഭരണകൂടം 13,000 റൗണ്ട് ടാങ്ക് വെടിമരുന്നുകൾ നൽകാൻ തീരുമാനമെടുത്തത്. ശരാശരി 159 ടൺ എന്ന തോതിൽ ഓരോ ദിവസവും ഇസ്രായേലിലെത്തുന്നുവെന്ന് കണക്കുകൾ പറയുന്നു. ഒക്ടോബർ ഏഴിനു ശേഷം മാത്രം ഇസ്രായേലിന് യു.എസ് 10,000 ടൺ ആയുധങ്ങൾ നൽകിയതായാണ് റിപ്പോർട്ടുകൾ. രണ്ടുദിവസം മുമ്പാണ് യു.എസ് ആയുധങ്ങൾ വഹിച്ച 200ാമത് ചരക്കുവിമാനം ഇസ്രായേലിലെത്തിയത്.
വിദേശരാജ്യങ്ങൾക്ക് ആയുധം നൽകുംമുമ്പ് കോൺഗ്രസ് പരിശോധന വേണമെന്ന് യു.എസിൽ നിർബന്ധമാണ്. ഇതിന് സമയമെടുക്കുമെന്നുകണ്ടാണ് ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗിച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെടിക്കോപ്പുകൾ നൽകുന്നതായി സ്റ്റേറ്റ് വകുപ്പ് കോൺഗ്രസിന് അറിയിപ്പ് നൽകിയത്. 10.6 കോടി ഡോളർ വിലമതിക്കുന്നതാണ് ആയുധ കൈമാറ്റം. ‘‘ഉടൻ കൈമാറേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നു’’- എന്നായിരുന്നു സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. വർഷങ്ങൾക്കിടെ ആദ്യമായാണ് യു.എസ് ഇതേ വകുപ്പ് ഉപയോഗിച്ച് വിദേശരാജ്യത്തിന് ആയുധങ്ങൾ നൽകുന്നത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ സ്വന്തം പാളയത്തിൽത്തന്നെ കടുത്ത വിമർശനം നിലനിൽക്കുന്നതിനാൽ കോൺഗ്രസിൽ അനുകൂല തീരുമാനമുണ്ടാകില്ലെന്നുകണ്ടാണ് ബൈഡന്റെ നീക്കമെന്ന് റിപ്പോർട്ടുണ്ട്. ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയിൽ 40 ശതമാനം ഇരകളും കുട്ടികളാണ്. യു.എസ് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾ യുദ്ധക്കുറ്റങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ 13 ഡെമോക്രാറ്റിക് സെനറ്റർമാർ നിയമനിർമാണത്തിന്റെ പണിപ്പുരയിലാണ്.
കഴിഞ്ഞ ദിവസം യു.എന്നിൽ വെടിനിർത്തൽ പ്രമേയത്തെ യു.എസ് ഒറ്റക്ക് വീറ്റോ ചെയ്തതിന് തൊട്ടുടൻ ആയുധക്കൈമാറ്റം നടത്തുന്നതും അറബ് ലോകത്തുൾപ്പെടെ വിമർശനം ശക്തമാക്കുമെന്നുറപ്പാണ്. മൊത്തം 45,000 വെടിക്കോപ്പുകൾ ആവശ്യപ്പെട്ടതിൽ ഒന്നാംഗഡുവായാണ് അനുവദിച്ചത്.
യുദ്ധവിമാനങ്ങൾ, കവചിത വാഹനങ്ങൾ, തോക്കുകൾ, വെടിക്കോപ്പുകൾ എന്നിവ മാത്രമല്ല, സൈനികർക്കുള്ള മെഡിക്കൽ സേവനങ്ങൾവരെ യു.എസ് കൈമാറുന്നുണ്ട്. ഇതിനു പുറമെ, 2000 ബങ്കർ ബസ്റ്റർ ബോംബുകൾ വേറെയും നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.