ലോകം കീഴടക്കി ടെയ്ലർ സ്വിഫ്റ്റിന്റെ ‘എറാസ് ടൂർ’
text_fieldsജനങ്ങൾ വെർച്വൽ ലോകത്തെ പുൽകുകയാണെന്ന് പറയുന്ന ഇക്കാലത്ത് ലോകത്തെ ഇത്രമേൽ ഇളക്കി മറിച്ച ലൈവ് പരിപാടി വേറെയില്ല. കഴിഞ്ഞ ആഴ്ച സമാപിച്ച, യു.എസ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ‘എറാസ് ടൂർ’ എന്ന ആഗോള ലൈവ് ഷോ പങ്കാളിത്തംകൊണ്ടും വരുമാനംകൊണ്ടും അടുത്ത കാലത്തെ ഏറ്റവും വലിയ പരിപാടിയായി മാറി. അഞ്ചു ഭൂഖണ്ഡങ്ങളിലെ 53 നഗരങ്ങളിലായി അരങ്ങേറിയ ‘എറാസ് ടൂർ’ എക്കാലത്തെയും വലിയ വരുമാനമാണ് നേടിയത് -രണ്ടു ബില്യൺ ഡോളർ (1,66,000 കോടി രൂപ). അനുബന്ധ വരുമാനങ്ങൾ പുറമെ.
വരുമാനത്തേക്കാളും ആളുകളുടെ എണ്ണത്തേക്കാളും ജനങ്ങളുമായി ടെയ്ലർ സ്വിഫ്റ്റ് സൃഷ്ടിക്കുന്ന അടുപ്പം അതിശയകരമാണെന്ന് നിരൂപകർ വാഴ്ത്തുന്നു. ഉയരങ്ങളിലുള്ള താരത്തേക്കാളുപരി ആരാധകരിലൊരാളായി വേദിയിൽ നിറഞ്ഞാടുകയായിരുന്നു അവർ. വെറൈറ്റി മാഗസിന്റെ അഭിപ്രായത്തിൽ, ‘ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിറ്റി ഓർഗനൈസറാ’ണ് ടെയ്ലർ സ്വിഫ്റ്റ്.
കടുത്ത ആരാധകർ വിവിധ ലോക നഗരങ്ങളിലെ ടെയ്ലറിന്റെ ഷോകൾ പിന്തുടർന്നു കണ്ടു. മ്യൂണിച്ചിൽ ടിക്കറ്റ് കിട്ടാത്ത 40,000 പേർ അടുത്തുള്ള കുന്നിൻ മുകളിൽ കയറിനിന്ന് ഷോയുടെ ഭാഗമായി. തന്റെ ലൈവ് ഷോകളോട് ജനങ്ങളുടെ ആവേശം മനസ്സിലാക്കിയ ടെയ്ലർ പറയുന്നു: ‘അതിക്രൂരമായ ഇന്നത്തെ ജീവിത യാഥാർഥ്യങ്ങളിൽനിന്ന് അവരെ ഒരു രാത്രിയെങ്കിലും മോചിപ്പിക്കാനായാൽ അതൊരു മഹാഭാഗ്യമായി കരുതുന്നു.’
സോഷ്യൽ മീഡിയക്കാലത്ത് തങ്ങളുടെ താരങ്ങളുടെ തൊട്ടരികെ നിൽക്കാൻ കൊതിക്കുകയാണ് ആരാധകരെന്ന് തെളിയിക്കുകയാണ് ‘എറാസ് ടൂർ’ അടക്കമുള്ള ആഗോള ലൈവ് ഷോകളെല്ലാം. ഫോൺ സ്ക്രീനിൽനിന്നിറങ്ങി വന്ന് ജനങ്ങളിലൊരാളാകാൻ താരങ്ങളും ഇത്തരം ഷോകളെ പ്രയോജനപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.