ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ ഡി.സി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് റിപ്പോർട്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തിങ്കളാഴ്ച പുറത്തുവിട്ട 'അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് -2022'ലാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങൾ അക്കമിട്ട് നിരത്തുന്നത്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
മതസ്വാതന്ത്രവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വാർഷിക റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിൽ മുസ്‌ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാവുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
പലപ്പോഴും നിയമ സംവിധാനങ്ങൾ തന്നെ ആക്രമണത്തിന് കൂട്ടുനിൽക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സമീപകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടന്ന വിവിധ അക്രമങ്ങൾ റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്. യു.പിയിലെ ബുൾഡോസർ രാജ്, ഡൽഹിയിലും ഗുജറാത്തിലും നടന്ന അക്രമങ്ങൾ, കർണാടകയിലെ ഹിജാബ് നിരോധനം, ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുള്ള ആക്രമണം, അസമിലെ മദ്രസകൾ തകർക്കൽ, നൂപുർ ശർമയുടെ പ്രവാചകനിന്ദ എന്നിവയുമുണ്ട്. ഇത്തരം അക്രമങ്ങളെ അപലപിക്കാൻ കേന്ദ്രം തയാറാവണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ച നടപടിയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പി.സി. ജോർജിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്താവനയും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
കഴിഞ്ഞ ഒരു വർഷത്തെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, റിപ്പോർട്ടിനെതിരെ ഇന്ത്യ രംഗത്തെത്തി. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.