ഹൂതികൾക്കെതിരെ പത്താം ദിനവും യു.എസ് ആക്രമണം
text_fieldsസൻആ: തുടർച്ചയായി പത്താം ദിവസവും യമനിലെ ഹൂതികൾക്കെതിരെ കനത്ത ആക്രമണം നടത്തി യു.എസ്. ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യമന്റെ തലസ്ഥാനമായ സൻആയിലെ പടിഞ്ഞാറൻ മേഖലയിലുള്ള കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹൂതികളുടെ സബ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
തകർന്ന കെട്ടിടാവശിഷ്ടങ്ങളുടെയും മണലിൽ രക്തക്കറ പുരണ്ടതിന്റെയും ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടു. തൊട്ടടുത്ത കെട്ടിടത്തിന് ഒരു കേടുപാടും സംഭവിക്കാതിരുന്നത് താരതമ്യേന ശക്തി കുറഞ്ഞ മിസൈൽ ഉപയോഗിച്ചതിനാലാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തികേന്ദ്രമായ സഅദയിലും ചെങ്കടൽ തുറമുഖ നഗരമായ ഹുദൈദയിലും മഅ് രിബ് പ്രവിശ്യയിലും യു.എസ് ആക്രമണം നടന്നതായി ഹൂതികൾ അറിയിച്ചു.
ഗസ്സയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടലിൽ സഞ്ചരിക്കുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ഹൂതി വിമതർക്ക് നേരെ യു.എസ് ആക്രമണം തുടങ്ങിയത്. മാർച്ച് 15ന്റെ വ്യോമാക്രമണത്തിൽ സൻആയിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ ഏതൊക്കെ കേന്ദ്രങ്ങളാണ് തകർത്തതെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മിസൈൽ മേധാവിയടക്കം ഹൂതികളുടെ നേതൃത്വത്തെ നശിപ്പിക്കാൻ കഴിഞ്ഞതായി യു.എസ് പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് മൈക് വാട്സ് അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.