ഇറാനെ ലക്ഷ്യമിട്ട് യു.എസ്
text_fieldsലണ്ടൻ: ഇറാൻ സൈനിക ഉപദേഷ്ടാവ് സിറിയൻ തലസ്ഥാനത്ത് കൊല്ലപ്പെടുകയും അറബിക്കടലിൽ ഇന്ത്യൻ ചരക്കുകപ്പൽ ആക്രമണത്തിൽ ഇറാന്റെ പങ്ക് ആരോപിക്കപ്പെടുകയും ചെയ്തതിനു പിന്നാലെ തെഹ്റാനെ ലക്ഷ്യമിട്ട് യു.എൻ അന്താരാഷ്ട്ര ആണവോർജ സമിതി വെളിപ്പെടുത്തലും. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ ലോകമെങ്ങും രോഷം പടരുന്നതിനിടെയാണ് ഇറാൻ ആണവായുധശേഷിയുള്ള സമ്പുഷ്ട യുറേനിയം ഉൽപാദനം വർധിപ്പിച്ചെന്ന ആണവോർജ സമിതി വെളിപ്പെടുത്തൽ. ഇറാൻ നീക്കം ആശങ്ക ഉയർത്തുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു.
നേരത്തേ കുറച്ചുകൊണ്ടുവന്ന സമ്പുഷ്ട യുറേനിയം ഉൽപാദനം കഴിഞ്ഞ ആഴ്ചകളിൽ മൂന്നിരട്ടി കൂട്ടിയെന്ന് സമിതി റിപ്പോർട്ട് പറയുന്നു. നഥാൻസ്, ഫോർദോ നിലയങ്ങളിൽ 60 ശതമാനം സമ്പുഷ്ട യുറേനിയം പ്രതിമാസം ഒമ്പതു കിലോ ആണ് ഉൽപാദിപ്പിക്കുന്നത്. ജൂണിൽ പ്രതിമാസം മൂന്നു കിലോ ആയിരുന്നതാണ് ഉയർത്തിയത്. ആണവായുധ നിർമാണത്തിന് 90 ശതമാനം സമ്പുഷ്ട യുറേനിയമാണ് വേണ്ടത്. അതുകൊണ്ടുതന്നെ, നിലവിലെ ഉൽപാദനം ആണവായുധ ഉൽപാദനത്തിനല്ലെന്നും പൂർണമായി നിയമപ്രകാരമാണെന്നും ഇറാൻ ആണവോർജ മേധാവി മുഹമ്മദ് ഇസ്ലാമി പറഞ്ഞു. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഒക്ടോബർ അവസാനത്തിലെ കണക്കുകൾപ്രകാരം ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയം ശേഖരം 4486.8 കിലോയാണ്. 2015ൽ ലോകശക്തികളും ഇറാനും തമ്മിലെ ധാരണപ്രകാരം 202.8 കിലോയിൽ കൂടരുതെന്നാണ് വ്യവസ്ഥ. എന്നാൽ, 2018ൽ ഡോണൾഡ് ട്രംപ് അധികാരത്തിലിരിക്കെ കരാറിൽനിന്ന് യു.എസ് പിൻവാങ്ങിയതിനാൽ നിലവിൽ ഈ വ്യവസ്ഥയും ബാധകമല്ലെന്ന് ഇറാൻ പറയുന്നു.
ഇറാനുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹൂതികൾ ചെങ്കടൽ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്കുനേരെ ആക്രമണം ശക്തമാക്കുകയും ലബനാനിൽ ഹിസ്ബുല്ല ഇസ്രായേലിനെതിരെ നിലയുറപ്പിക്കുകയും ചെയ്തത് ഇസ്രായേലിനെയും യു.എസിനെയും തെല്ലൊന്നുമല്ല സമ്മർദത്തിലാക്കുന്നത്. ഇറാഖ്, സിറിയ രാജ്യങ്ങളിലെ യു.എസ് സൈനികതാവളങ്ങൾക്കുനേരെയും ആക്രമണം തുടരുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ മുതിർന്ന ഇറാൻ സൈനിക ഉപദേഷ്ടാവ് സഈദ് റാസി മൂസവി കൊല്ലപ്പെട്ടത്. ഇതിന് ഇസ്രായേൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാഖിലെ ഇർബിൽ വ്യോമതാവളം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇറാൻ അനുകൂല മിലീഷ്യ ഗ്രൂപ്പായ കതാഇബ് ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് മൂന്നിടത്ത് യു.എസ് ബോംബറുകൾ ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.