യു.എന്നിലെ ഇബ്രാഹിം റഈസി അനുസ്മരണ ചടങ്ങ് അമേരിക്ക ബഹിഷ്കരിക്കും
text_fieldsവാഷിങ്ടൺ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ചടങ്ങ് അമേരിക്ക ബഹിഷ്കരിക്കും. യു.എൻ ജനറൽ അസംബ്ലിയിൽ ഇന്ന് നടക്കുന്ന ചടങ്ങാണ് യു.എസ്. ബഹിഷ്കരിക്കുന്നത്.
രാഷ്ട്രത്തലവനായ ഏതൊരു ലോകനേതാവിന്‍റെ വേർപാടിലും ആദരാഞ്ജലികൾ അർപ്പിക്കുന്നത് യു.എൻ. ജനറൽ അസംബ്ലിയിലെ പരമ്പരാഗത ചടങ്ങാണ്. ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കാറാണ് പതിവ്.
യു.എന്‍ സംഘടിപ്പിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി ബ്രാഹിം റഈസിയെ കുറിച്ച് അംഗ രാജ്യങ്ങൾ അനുസ്മരണം നടത്തും. ഈ ചടങ്ങാണ് അമേരിക്ക ബഹിഷ്കരിക്കുന്നത്.
മേയ് 12ന് ഇറാന്‍റെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പ്രസിഡന്‍റ് ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണറും ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടത്. ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.
അപകടത്തിൽ ഇറാൻ പ്രസിഡന്‍റിനും വിദേശകാര്യ മന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ഫ്ലൈറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.
അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.