ഗസ്സയിൽ തുറമുഖം നിർമിക്കാൻ 1,000 യു.എസ് സൈനികരെ വിന്യസിക്കും; 60 ദിവസം കൊണ്ട് പൂർത്തിയാകുമെന്ന് പെന്റഗൺ
text_fieldsവാഷിങ്ടൺ: മാനുഷിക സഹായ വിതരണത്തിനായി ഗസ്സയിൽ താൽക്കാലിക തുറമുഖം നിർമിക്കുന്നതിന് 1,000 യു.എസ് സൈനികരെ വിന്യസിക്കുമെന്ന് പ്രതിരോധമന്ത്രാലയം പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ. േഫ്ലാട്ടിങ് തുറമുഖ സംവിധാനത്തിനായുള്ള ആസൂത്രണം പ്രാരംഭ ഘട്ടത്തിലാണെന്നും പദ്ധതി യാഥാർത്ഥ്യമാക്കാൻ 60 ദിവസം വരെ എടുക്കുമെന്നും റൈഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം ഒരുക്കുക. സഹായങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഫ്ലോട്ടിങ് ബാർജും 1,800 അടി (550 മീറ്റർ) നീളമുള്ള കോസ്‌വേയുമാണ് നിർമിക്കുക. എന്നാൽ, തുറമുഖ നിർമാണത്തിന് ഒരു യുഎസ് സൈനികൻ പോലും ഗസ്സയിൽ പ്രവേശിക്കില്ലെന്ന് റൈഡർ പറഞ്ഞു. അതേസമയം, കോസ്‌വേയിൽനിന്ന് ആരാണ് സാധനങ്ങൾ കരയിലേക്ക് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തുറമുഖം നിർമിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. കൂടുതൽ സഹായ വസ്തുക്കൾ എത്തിക്കാൻ അനുമതി നൽകി മാനുഷിക ദുരന്തം ഒഴിവാക്കണമെന്ന് അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഗസ്സക്കുള്ള മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്നും സന്നദ്ധപ്രവർത്തകർക്ക് വെടിവെപ്പിൽ പരിക്കേൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേലിനോടായി അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതെല്ലാം പ്രചാരണ തന്ത്രമാണെന്നും റഫ അതിർത്തി വഴി ട്രക്ക് കടത്തിവിടാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനെതിരെ പ്രതിഷേധവും സമ്മർദവും ഉയർന്നതോടെയാണ് ബൈഡൻ ഇസ്രായേൽ അനുകൂല നിലപാടിൽ അയവുവരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.