യുക്രെയ്ൻ: ഏതുനിമിഷവും റഷ്യൻ അധിനിവേശമുണ്ടാകുമെന്ന് യു.എസ്; എംബസികൾ ഒഴിപ്പിക്കുന്നു
text_fieldsബ്രസൽസ്: രണ്ടാം ശീതയുദ്ധ സൂചന നൽകി യുക്രെയ്നുമേൽ കനത്തുപെയ്യാനൊരുങ്ങി യുദ്ധമേഘങ്ങൾ. സൈനിക വിന്യാസം അനുദിനം ശക്തിപ്പെടുത്തി റഷ്യയും കനത്ത തിരിച്ചടി ഭീഷണിയുമായി അമേരിക്കയും മുഖാമുഖം നിൽക്കുന്ന യുക്രെയ്നിൽ എന്തും സംഭവിച്ചേക്കാമെന്ന ആശങ്കയിലാണ് ലോകം. ഏതുനിമിഷവും റഷ്യൻ അധിനിവേശമുണ്ടാകുമെന്നും മുൻകരുതലെന്നോണം 48 മണിക്കൂറിനകം യുക്രെയ്നിലെ യു.എസ് എംബസി ഒഴിപ്പിക്കണമെന്നും പ്രസിഡന്റ് ബൈഡൻ നിർദേശം നൽകി. ന്യൂസിലൻഡ്, ആസ്ട്രേലിയ എന്നിവയും എംബസികൾ ഒഴിപ്പിക്കുകയാണ്. രാജ്യം വിടണമെന്ന് ബ്രിട്ടനും നോർവേയും ഡെൻമാർക്കും സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി.
സംഘർഷം ചർച്ചചെയ്യാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തുന്നുണ്ട്. ബ്രിട്ടീഷ്, ഫ്രഞ്ച് നേതാക്കളും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടു. ബ്രിട്ടൻ, കാനഡ, ജർമനി, പോളണ്ട്, റുമേനിയ ഭരണമേധാവികളുമായും നാറ്റോ, ഇ.യു നേതൃത്വവുമായും ബൈഡൻ ചർച്ച നടത്തിയിരുന്നു.
ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ദക്ഷിണ, ഉത്തര, കിഴക്കൻ അതിർത്തികളിൽ പുതുതായി സൈനിക വിന്യാസം തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മറുപടിയായി നാറ്റോ അതിർത്തി രാജ്യങ്ങളിൽ സൈനികരെ വൻതോതിൽ എത്തിച്ചിട്ടുണ്ട്.
പോളണ്ടിൽമാത്രം അമേരിക്ക 3,000 പേരെയാണ് അടുത്ത ദിവസം വിന്യസിക്കുക. വിവിധ രാജ്യങ്ങളിലായി നേരത്തെ നിലയുറപ്പിച്ച 8500 യു.എസ് സൈനികർക്ക് പുറമെയാണിത്. റുമേനിയയിൽ 1,000 സൈനികരെയും യു.എസ് എത്തിക്കുന്നുണ്ട്. മറുപടിയായി, കരിങ്കടലിലും അസോവ് കടലിലും സൈനികാഭ്യാസം നടത്തി ശക്തിപ്രകടനത്തിന് ഒരുങ്ങുകയാണ് റഷ്യ.
കരിങ്കടലിൽ ആറു റഷ്യൻ യുദ്ധക്കപ്പലുകളും എത്തിച്ചിട്ടുണ്ട്. കൂടുതൽ അതിർത്തി മേഖലകളിൽ റഷ്യ സൈനിക സാന്നിധ്യം വ്യാപിപ്പിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
മേഖലയിൽ പുതുതായി ഒരു ലക്ഷത്തിലേറെ സൈനിക വിന്യാസമെന്നത് അമേരിക്ക കള്ളം പറയുകയാണെന്നും നാറ്റോ ആക്രമണ സാധ്യത കണക്കിലെടുത്തുള്ള പ്രതിരോധമൊരുക്കൽ മാത്രമേ നടക്കുന്നുള്ളൂവെന്നും റഷ്യ പറയുന്നു. ഫെബ്രുവരി 20ന് ചൈനയിൽ ശീതകാല ഒളിമ്പിക്സ് അവസാനിക്കുംവരെ അധിനിവേശത്തിന് റഷ്യ മുതിരില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
യുക്രെയ്നെ നാറ്റോയിൽ ഉൾപ്പെടുത്തുന്നതും റഷ്യൻ അതിർത്തിയോടു ചേർന്ന് മിസൈൽ വിന്യാസവും തടയണമെന്നാണ് റഷ്യൻ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്ന് യു.എസും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.