ഇസ്രായേലിന് 800 കോടി ഡോളറിന്റെ ആയുധ സഹായവുമായി യു.എസ്
text_fieldsവാഷിങ്ടൺ: ലോക മനഃസാക്ഷിയെ വെല്ലുവിളിച്ച് ഒന്നര വർഷമായി ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിന് 800 കോടി ഡോളറിന്റെ ആയുധ സഹായം നൽകാൻ യു.എസ് നീക്കം. പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടത്തിന്റെ പദ്ധതി യു.എസ് കോൺഗ്രസിനെ അനൗപചാരികമായി അറിയിച്ചതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസ് ജനപ്രതിനിധി സഭയുടെയും സെനറ്റ് സമിതികളുടെയും അംഗീകാരം ലഭിച്ചാൽ ആയുധങ്ങൾ കൈമാറും. യുദ്ധവിമാനങ്ങൾക്കുള്ള മിസൈലുകൾ, ഹെലികോപ്ടറുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയവയാണ് നൽകുക. മിസൈലുകളിലും ആണവായുധങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും ചെറിയ ബോംബുകളും വിൽപനയിലുണ്ടാകും. ദീർഘകാലത്തേക്കുള്ള കരാറായതിനാൽ നിലവിൽ ലഭ്യമായ ചില ആയുധങ്ങൾ ഉടൻ നൽകും. ബാക്കിയുള്ള ഭൂരിഭാഗം ആയുധങ്ങളും ഒന്നിൽ കൂടുതൽ വർഷങ്ങളെടുത്തായിരിക്കും വിതരണം ചെയ്യുകയെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പോർട്ടലായ ആക്സിയോസ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് യു.എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും പ്രതികരിക്കാൻ വിദേശകാര്യം കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തയാറായില്ല.
അംഗീകരിച്ചാൽ ഇസ്രായേലിനുള്ള ബൈഡൻ ഭരണകൂടത്തിന്റെ അവസാനത്തെ ആയുധ സഹായമായിരിക്കുമിത്. യുദ്ധവിമാനങ്ങളടക്കം ഇസ്രായേലിന് 2000 കോടി ഡോളറിന്റെ ആയുധസഹായം നൽകാനുള്ള പദ്ധതിക്ക് യു.എസ് ആഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 45,000ത്തിലേറെ പേർ കൊല്ലപ്പെടുകയും 23 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തതിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് യു.എസ് നീക്കം. ഗസ്സയിലെ കൊടുംപട്ടിണിയും ദുരന്തസമാന സാഹചര്യവും കണക്കിലെടുത്ത് ആയുധം നൽകുന്നതിനെ ചില ഡെമോക്രാറ്റിക് അംഗങ്ങൾ എതിർത്തിരുന്നെങ്കിലും ബൈഡൻ മുന്നോട്ടുപോകുകയാണുണ്ടായത്.
അന്താരാഷ്ട്ര സമൂഹവും യു.എൻ അടക്കമുള്ള സംഘടനങ്ങളും ശക്തമായി വിമർശിക്കുമ്പോഴും ഇസ്രായേൽ നിലപാടിനൊപ്പാണ് യു.എസ്. ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ച സാഹചര്യത്തിലാണ് ആയുധ സഹായവുമായി യു.എസ് രംഗത്തെത്തുന്നത്. ഇസ്രായേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയും ആയുധ വിതരണക്കാരുമാണ് യു.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.