യു.എൻ ഫലസ്തീനി അഭയാർഥി ഏജൻസിക്ക് ട്രംപ് മുടക്കിയ സാമ്പത്തിക സഹായം പുനഃസ്ഥാപിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എന്നിനു കീഴിലെ ഫലസ്തീനി അഭയാർഥി ഏജൻസിക്ക് സാമ്പത്തിക സഹായം പുനഃസ്ഥാപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേൽ സമ്മർദങ്ങൾക്ക് വഴങ്ങി 2018ൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർത്തലാക്കിയ യു.എസ് സഹായ ഫണ്ടാണ് വീണ്ടും നൽകാൻ തീരുമാനം. ആദ്യ ഗഡുവായി 15 േകാടി ഡോളർ ഏജൻസിക്ക് അനുവദിക്കുമെന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ അറിയിച്ചു.
വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവക്കു പുറമെ പുറമെ ലബനാൻ, ജോർഡൻ രാജ്യങ്ങളിലും മറ്റുമായി കഴിയുന്ന 57 ലക്ഷം ഫലസ്തീനികൾക്ക് സഹായവും മറ്റു സേവനങ്ങളും എത്തിച്ചുനൽകുന്നതാണ് യു.എന്നിനു കീഴിലെ ഫലസ്തീൻ അഭയാർഥി ഏജൻസി. പശ്ചിമേഷ്യയിലും പരിസരങ്ങളിലുമായി കഴിയേണ്ടിവരുന്ന അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന സംരംഭത്തിൽ യു.എസ് പങ്കാളിത്തം സ്വാഗതം ചെയ്യുന്നതായി ഏജൻസി കമീഷണർ ജനറൽ ഫിലിപ് ലസാറിനി പറഞ്ഞു.
15 കോടിക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾക്ക് 7.5 കോടി ഡോളർ പുനർനിർമാണ സഹായവും ഒരു കോടി ഡോളർ സമാധാന പാലന പദ്ധതികൾക്കും യു.എസ് നൽകും.
ജനുവരി 20ന് അധികാരമേറിയ ജോ ബൈഡൻ ഫലസ്തീനികളുമായി പുതിയ ബന്ധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏറെയായി ഇസ്രായേലുമായി യു.എസ് ഉറ്റ ബന്ധം നിലനിർത്തുന്നുണ്ടെങ്കിലും ട്രംപ് അത് കൂടുതൽ ശക്തമാക്കുകയും ഇസ്രായേലിലെ യു.എസ് എംബസി ടെൽ അവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബിൻയമിൻ നെതന്യാഹുവുമായി അടുത്ത ബന്ധം സ്ഥാപിച്ചും ട്രംപ് സൗഹൃദം സുദൃഢമാക്കി. മറുവശത്ത്, ഫലസ്തീൻ അതോറിറ്റിയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുകയും സാമ്പത്തിക സഹായം വിലക്കുകയും ചെയ്തു. ഇസ്രായേലുമായി എല്ലാ ചർച്ചകൾക്കും സഹകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, സ്വതന്ത്ര രാജ്യമെന്ന തങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം നിരാകരിക്കുന്നതാണ് ഇസ്രായേൽ സമീപനമെന്നും അതിനോട് സഹകരിക്കാനാവില്ലെന്നും ഫലസ്തീനി നേതൃത്വം പറയുന്നു.
തങ്ങൾ രാജ്യ തലസ്ഥാനമായി ആവശ്യപ്പെടുന്ന ജറൂസലമിലേക്ക് ഇസ്രായേൽ എംബസി മാറ്റിയ ട്രംപിന്‍റെ കാർമികത്വത്തിൽ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലെ ബന്ധം സാധാരണ നിലയിലാക്കുകയും ചെയ്തിരുന്നു.
1948ൽ ഇസ്രായേൽ ആട്ടിപ്പായിച്ച ഏഴു ലക്ഷം ഫലസ്തീനികളുടെ കുടുംബങ്ങൾക്കാണ് യു.എൻ ഏജൻസി പ്രധാനമായും സഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.