ഇസ്രായേലിലേക്ക് മിസൈൽ വിരുദ്ധ സംവിധാനവും സൈന്യത്തെയും അയക്കുമെന്ന് പെന്‍റഗൺ
text_fieldsവാഷിംങ്ടൺ: ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനത്തോടൊപ്പം സൈനികരെയും അയക്കാനൊരുങ്ങി യു.എസ്. ഒക്ടോബർ 1ന് ഇറാൻ ഇസ്രായേലിനുനേരെ 180 ലധികം മിസൈലുകൾ തൊടുത്തുവിട്ടതിനുശേഷം ഇറാനെതിരായ പ്രതികാരത്തിനൊരുങ്ങുന്ന ‘ഇസ്രായേലിന് പ്രതിരോധമൊരുക്കാൻ’ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
യു.എസ് സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ നിർണായക ഭാഗമായ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ആണ് വിന്യസിക്കാനൊരുങ്ങുന്നത്. ഇതിന്റെ ബാറ്ററിയും യു.എസ് സൈനിക ഉദ്യോഗസ്ഥരുടെ അനുബന്ധ സംഘത്തെയും ഇസ്രായേലിലേക്ക് നിയോഗിക്കാൻ പെൻ്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിൻ അനുമതി നൽകിയതായി യു.എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് അറിയിച്ചു.
ഇസ്രായേലിനെ പിന്തുണക്കുന്നതിനും ഇറാന്റെയും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളിൽനിന്ന് യു.എസ് ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിനും യു.എസ് സൈന്യം വരുത്തിയ വിശാലമായ ക്രമീകരണങ്ങളുടെ ഭാഗമായാണിതെന്ന് പെന്‍റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു.
തെക്കൻ ഇസ്രായേലിലേക്ക് 2019ൽ അഭ്യാസങ്ങൾക്കായി ഒരു THAAD വിന്യസിച്ചിരുന്നതായി പെന്‍റഗൺ പറഞ്ഞു. എത്ര സമയംകൊണ്ട് ഈ സംവിധാനം ഇസ്രായേലിൽ വിന്യസിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. സ്വന്തമായ സൈനിക ശേഷിയുള്ളതിനാൽ അഭ്യാസങ്ങൾക്കല്ലാതെ ഇസ്രായേലിനകത്തേക്കുള്ള യു.എസ് സൈനിക വിന്യാസം സാധരണഗതിയിൽ അപൂർവമാണ്. ഇറാൻ ആക്രമണത്തിനിരയായപ്പോൾ മിഡിൽ ഈസ്റ്റിലെ യുദ്ധക്കപ്പലുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും ഇസ്രായേലിന് പ്രതിരോധമൊരുക്കാൻ യു.എസ് സൈന്യം സമീപ മാസങ്ങളിൽ സഹായിച്ചിട്ടുണ്ടെങ്കിലും അവയൊക്കെ ഇസ്രായേലിന് പുറത്തായിരുന്നു.
‘ഇസ്രായേലിൽ യു.എസ് മിസൈൽ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന്’ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്കി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ‘മേഖലയിൽ ഒരു സമ്പൂർണ യുദ്ധം തടയാൻ ഞങ്ങൾ ഈയടുത്ത ദിവസങ്ങളിൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഞങ്ങളുടെ ആളുകളെയും താൽപര്യങ്ങളെയും സംരക്ഷിക്കുന്നതിൽ ഞങ്ങൾക്ക് ചുവപ്പ് വരകളില്ലെന്ന് വ്യക്തമായി പറയുന്നു’വെന്നും അറാക്കി എക്‌സിൽ പോസ്റ്റ് ചെയ്തു.
അതേസമയം, നേരിട്ടുള്ള യുദ്ധം ഒഴിവാക്കാൻ യു.എസിനോട് ഇറാൻ ഇപ്പോഴും ആവശ്യപ്പെടുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു.എസ് ഇസ്രയേലിലേക്ക് സേനയെ വിന്യസിക്കുന്നത് ഇതും കൂടി കണക്കിലെടുത്താണ്.
ഏപ്രിലിലാണ് ഇറാൻ ഇസ്രയേലിനുനേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത്. ലെബനാനിൽ ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടത്തിനിടെ ഒക്ടോബർ 1ന് ഇറാൻ ഇസ്രായേലിനു നേരെ 180ലധികം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ലെബനാനിൽ ഇസ്രായേൽ നടത്തിയ പേജർ സ്ഫോടനങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.