ഇറാഖിൽനിന്ന് യു.എസ് സൈനിക പിന്മാറ്റം: ചർച്ച തുടങ്ങി
text_fieldsബഗ്ദാദ്: ഐ.എസിനെതിരായ പോരാട്ടത്തിനെന്ന പേരിൽ ഇപ്പോഴും ഇറാഖിൽ തുടരുന്ന അമേരിക്കൻ സൈനികരെ തിരികെ കൊണ്ടുപോകുന്ന ചർച്ചകൾ തുടങ്ങി. യു.എസ്- ഇറാഖ് ആദ്യ ഘട്ട ചർച്ചക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാ അൽസുദാനിയും ഇരു രാജ്യങ്ങളുടെയും മുതിർന്ന സൈനിക പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. നിലവിൽ 2500 യു.എസ് സൈനികരാണ് വിവിധ താവളങ്ങളിലായി ഇറാഖിലുള്ളത്.
ഇസ്രായേലിന്റെ ഗസ്സ വംശഹത്യയിൽ പ്രതിഷേധിച്ച് ഇറാൻ അനുകൂല മിലീഷ്യകൾ ഇറാഖിലെ യു.എസ് താവളങ്ങൾക്കുനേരെ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനെതിരെ യു.എസ് പ്രത്യാക്രമണം നടത്തുന്നത് സ്വന്തം രാജ്യത്തിനെതിരായ ആക്രമണമായാണ് ഇറാഖ് ഭരണകൂടം കാണുന്നത്. ഇതോടെയാണ് ചർച്ചകൾ സജീവമായത്.
ഇറാഖിൽ ഐ.എസ് നാമാവശേഷമായ ശേഷം അടിയന്തരമായി സൈന്യത്തെ പിൻവലിക്കാൻ ഏറെയായി ഇറാഖ് സർക്കാർ സമ്മർദം തുടരുന്നുണ്ട്.
2020ൽ ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയും മിലീഷ്യ മേധാവി അബൂ മഹ്ദി മുഹൻദിസും കൊല്ലപ്പെട്ടതിനു പിന്നാലെ നീക്കം ശക്തമാക്കിയിട്ടുണ്ടെങ്കിലും യു.എസ് വഴങ്ങിയിട്ടില്ല. ഇറാനെതിരായ നീക്കങ്ങൾക്ക് ഇടത്താവളമായി കൂടി ഇറാഖിനെ കാണുന്നുവെന്നതാണ് യു.എസിനെ പിന്തിരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.