യു.എസ് സൈന്യം അഫ്ഗാനിസ്താനിൽനിന്ന് ഔദ്യോഗികമായി പിന്മാറാൻ തുടങ്ങി
text_fieldsകാബൂൾ: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിസ്താനിൽനിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി ശനിയാഴ്ച ഒൗേദ്യാഗികമായി ആരംഭിച്ചു. മെയ് ഒന്നിന് സൈനിക പിൻമാറ്റം തുടങ്ങുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചിരുന്നു. അതേസമയം, പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മെയ് ഒന്നിെല നടപടി അതിെൻറ തുടർച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമേരിക്ക പിൻമാറ്റം അറിയിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്ച മുതൽ പിൻവലിക്കാൻ ആരംഭിച്ചു. ഇതിനെതുടർന്ന് കാബൂളിലും അടുത്തുള്ള ബാഗ്രാം എയർബേസിന് സമീപവും കൂടുതൽ ഹെലികോപ്റ്ററുകൾ ആകാശത്ത് സജീവമായിരുന്നു.
2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ് അമേരയിക്കയുടെ തീരുമാനം. 2,500 യു.എസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്താനിലുള്ളത്. 7,000 മറ്റു വിദേശ സൈനികരുമുണ്ട്.
താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിൻമാറ്റം. ഇത് പൂർത്തിയാകുന്നതോടെ അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്ക് മാത്രമാകും സുരക്ഷ സൈനികർ കാവലുണ്ടാകുക.
കഴിഞ്ഞ 20 വർഷത്തിനിടെ എട്ടു ലക്ഷം സൈനികർ മാറിമാറി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2,300 പേർ കൊല്ലപ്പെട്ടു. 20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, വിദേശ സൈന്യം പിന്മാറിയാലും രാജ്യത്തെ കലാപകാരികളെ അടിച്ചമർത്താൻ സർക്കാർ സേന പ്രാപ്തരാണെന്ന് അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഘാനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള താലിബാെൻറ കാരണം ഇപ്പോൾ അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട് യു.എസ് കാർമികത്വത്തിൽ തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ വിദേശ സൈനികരുടെ പൂർണ പിന്മാറ്റമില്ലാതെ പങ്കെടുക്കില്ലെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയതാണ്.
അതേസമയം, സൈനിക പിന്മാറ്റത്തിനിടയിലും അഫ്ഗാനിൽ വെള്ളിയാഴ്ച വീണ്ടും ബോംബ് സ്ഫോടനമുണ്ടായി. പുൾ-ഇ-ആലാമിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.