ഗൈനക്കോളജിസ്റ്റിന്‍റെ ലൈംഗികാതിക്രമം നേരിട്ടത് 710 സ്ത്രീകൾ; 110 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ യു.എസ് സർവകലാശാല
text_fieldsകലിഫോർണിയ: സ്റ്റുഡന്‍റ് ഹെൽത്ത് സെന്‍ററിലെ ഗൈനക്കോളജിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട സ്ത്രീകൾക്ക് യു.എസിലെ സതേൺ കാലിഫോർണിയ സർവകലാശാല 110 കോടി ഡോളർ (7980 കോടി രൂപ) നഷ്ടപരിഹാരമായി നൽകും. സർവകലാശാല ക്യാമ്പസിലെ ഗൈനക്കോളജിസ്റ്റിനെതിരെ പരാതി നൽകിയ വനിതകൾക്കാണ് തുക നൽകുക. ലൈംഗികാതിക്രമ കേസിൽ യു.എസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
സർവകലാശാല ഗൈനക്കോളജിസ്റ്റായ ജോർജ് ടിൻഡാലിന്‍റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നൂറുകണക്കിന് സ്ത്രീകളാണ് പരാതിയുമായി എത്തിയത്. സ്റ്റുഡന്‍റ്സ് ഹെൽത്ത് ക്ലിനിക്കിൽ 1989 മുതൽ 2016 വരെ സർവിസിലുണ്ടായിരുന്ന ഇയാൾ തലമുറകളായുള്ള വിദ്യാർഥികൾക്ക് നേരെ അതിക്രമം കാട്ടിയിരുന്നു. മൂന്ന് വർഷം മുമ്പാണ് ഇയാൾക്കെതിരായ ആരോപണങ്ങൾ പുറത്തുവരുന്നത്. തുടർന്ന് 74കാരനായ ഗൈനക്കോളജിസ്റ്റിന്‍റെ ലൈസൻസ് റദ്ദാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മോശം സ്പർശനം മുതൽ ബലാത്സംഗം വരെയുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇനിയും നിരവധി ലൈംഗികാതിക്രമ കേസുകളിൽ ഇയാൾ വിചാരണ നേരിടുകയാണ്. 53 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റങ്ങൾ.
ചികിത്സക്കെത്തിയ സ്ത്രീകളുടെ ചിത്രമെടുക്കുകയും ലൈംഗിക പരാമർശങ്ങൾ നടത്തുന്നതും ഡോക്ടറുടെ വിനോദമായിരുന്നു. 17കാരിയായ പെൺകുട്ടി ഉൾപ്പെടെ പരാതിയുമായി വന്നിട്ടുണ്ട്. ഏഷ്യക്കാർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികളെ ഇയാൾ പ്രത്യേകം ലക്ഷ്യമിട്ടിരുന്നതായും ആരോപണമുണ്ട്.
അതിക്രമം നേരിടേണ്ടിവന്ന സ്ത്രീകൾക്ക് അൽപമെങ്കിലും ആശ്വാസമാകാനാണ് നഷ്ടപരിഹാരതുകയെന്ന് സർവകലാശാല പ്രസിഡന്‍റ് കരോൾ ഫോൾട്ട് പറഞ്ഞു. അതിക്രമം തുറന്നുപറയാൻ തയാറായി വന്ന വനിതകളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 85 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ സതേൺ കാലിഫോർണിയ സർവകലാശാല 2018ൽ ധാരണയായിരുന്നു. അമ്പതോളം സമാന കേസുകളിൽ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിലും തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.