യുക്രെയ്ന് 50 ദശലക്ഷം ഡോളർ അധിക സഹായം പ്രഖ്യാപിച്ച് കമല ഹാരിസ്
text_fieldsവാഷിങ്ടൺ ഡി.സി: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 50 ദശലക്ഷം യു.എസ് ഡോളർ പ്രഖ്യാപിച്ചു.
പോളണ്ടിലെ വാർസായിലേക്കുള്ള യാത്രയ്ക്കിടെയാണ് യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) വഴി യു.എസ് ഗവൺമെന്റിൽ നിന്ന് ഏകദേശം 50 മില്യൺ ഡോളർ പുതിയ മാനുഷിക സഹായം പ്രഖ്യാപിച്ചത്.
ഈ അധിക സഹായത്തിൽ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യു.എഫ്.പി) പിന്തുണയും ഉൾപ്പെടുന്നു. അധിനിവേശത്തെ തുടർന്ന് സ്വന്തം വീടുകളിൽ നിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള അടിയന്തര ഭക്ഷ്യ സഹായം യുക്രെയ്ൻ അതിർത്തിയിലെത്തി. കിയവിലെ ആളുകൾക്കായി സഹായം എത്തിക്കുന്നതിനുള്ള ഡബ്ല്യു.എഫ്.പി യുടെ ലോജിസ്റ്റിക് പ്രവർത്തനങ്ങളെ ഇത് പിന്തുണയ്ക്കും.
യുക്രെയ്നിലെ ദുരിതബാധിതർക്കായി ആരോഗ്യ വസ്തുക്കൾ, ഭക്ഷ്യ സഹായം, പുതപ്പുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകുന്നതിനായി ഏകദേശം 50 ദശലക്ഷം യു.എസ് ഡോളർ മാനുഷിക സഹായം നൽകുമെന്ന് രണ്ടാഴ്ച മുമ്പ് യു.എസ് പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സഹായം.
യുക്രെയ്‌ന് ഏറ്റവും വലിയ മാനുഷിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മറുപടിയായി രണ്ടാഴ്ചക്കുള്ളിൽ ഏകദേശം 107 മില്യൺ ഡോളർ നൽകിയത് കൂടാതെ 2020 ഒക്‌ടോബർ മുതൽ യുക്രെയ്‌ന് മൊത്തത്തിലുള്ള മാനുഷിക സഹായമായി 159 മില്യൺ ഡോളർ നൽകിയിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, പാർപ്പിടം, അടിയന്തര ആരോഗ്യ സംരക്ഷണം, നിരന്തരമായ പോരാട്ടം മൂലം നാശം സംഭവിച്ച കമ്മ്യൂണിറ്റികൾക്കായുള്ള ശീതകാല സേവനങ്ങൾ എന്നിവയും ഇതിലുൾപ്പെടുന്നു.
യുക്രെയ്നിലുടനീളം കുറഞ്ഞത് 12 ദശലക്ഷം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു. യുക്രെയ്‌നിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നത് യു.എസ് തുടരുമെന്നും അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.