അയൽപക്കത്ത് തീക്കൊള്ളികൊണ്ട് ചൊറിഞ്ഞ് ചൈന; ഭീഷണി കടുപ്പിച്ച് അമേരിക്ക- പ്രതിസന്ധി കനക്കുന്നു
text_fieldsബെയ്ജിങ്: മേഖലയിൽ അധീശത്വമുറപ്പിച്ച് ചൈന നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ തായ്വാനും ഫിലിപ്പീൻസും നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയും സഹായവുമായി യു.എസ്. തുടർച്ചയായി സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചും കടലിൽ നാവിക സേനാ സാന്നിധ്യം വർധിപ്പിച്ചും ചൈന ഏറെയായി രണ്ട് അയൽ രാജ്യങ്ങൾക്കെതിരെ പ്രകോപനം തുടരുകയാണ്.
കഴിഞ്ഞ ദിവസം ആണവ ശേഷിയുള്ള നാല് എച്ച്-6കെ ബോംബറുകൾ, 10 ജെ- 16 ഫൈറ്റർ ജെറ്റുകൾ എന്നിവ ഉൾപെടെ 20 യുദ്ധവിമാനങ്ങളാണ് തായ്വാൻ വ്യോമാതിർത്തി ലംഘിച്ച് പറന്നത്. അതോടെ, ചെറുത്തുനിൽപിന്‍റെ ഭാഗമായി അതിർത്തിയിൽ തായ്വാൻ മിസൈലുകൾ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ബുധനാഴ്ചയും സമാനമായി യുദ്ധവിമാനങ്ങൾ തായ്വാൻ വ്യോമാതിർത്തി കടന്ന് പറന്നത് മുന്നറിയിപ്പിന്‍റെ സൂചനയായി സംശയിക്കുന്നു.
തായ്വാനെയും ഫിലിപ്പീൻസിനെയും വേർതിരിക്കുന്ന ബാഷി ചാനലിനുമുകളിലാണ് ചൈനീസ് യുദ്ധവിമാനങ്ങളിൽ ചിലത് പറന്നത്.
ഏപ്രിൽ ഒന്നിന് ചൈനീസ് ഡ്രോണുകൾ തായ്വാൻ നിയന്ത്രണത്തിലുള്ള പ്രറ്റാസ് ദ്വീപുകൾക്കു മേൽ പറന്നും ഭീഷണി സൃഷ്ടിച്ചു.
ഫിലിപ്പീൻസ് അധീനതയിലുള്ള വിറ്റ്സൺ റീഫിലും ചൈനീസ് സൈനിക സാന്നിധ്യം ശക്തമാണ്. വേലിയിറക്കമുള്ള സമയത്ത് മാത്രം കരകാണുന്ന ഇവിടെ അടുത്തിടെയായി ചൈന കൂടുതൽ പിടിമുറുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്പ്രാറ്റ്ലി ദ്വീപുകൾ, ഗ്രിയേഴ്സൺ ദ്വീപുകൾ, ജൂലിയൻ ഫിലിപ് റീഫ് തുടങ്ങിയവയെ ചൊല്ലിയും സംഘർഷം നിലനിൽക്കുന്നു. വിറ്റ്സൺ റീഫിൽ 220 ഓളം ചൈനീസ് കപ്പലുകൾ മാർച്ച് ഏഴിന് എത്തിയതായി ഫിലിപ്പീൻ നാഷനൽ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കൊടുങ്കാറ്റിൽനിന്ന് അഭയം തേടി എത്തിയവയാണെന്ന് ചൈന വിശദീകരിക്കുന്നുണ്ടെങ്കിലും ഫിലിപ്പീൻസ് അത് അംഗീകരിക്കുന്നില്ല.
പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും അതിർത്തി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്വാനോട് ഐക്യദാർഢ്യം പാറ പോലെ ഉറച്ചതാണെന്ന് യു.എസ് സ്റ്റേറ്റ് വിഭാഗം വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.