വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ നിർമാണം എതിർത്ത് അമേരിക്ക
text_fieldsന്യൂയോർക്: വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കൈയേറ്റവും പുതിയ നിർമാണങ്ങളും എതിർക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. മുൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു തീവ്രവലതുപക്ഷ പാർട്ടികളുമായി ചേർന്ന് അധികാരത്തിലെത്തിയ സാഹചര്യത്തിൽ നിർമാണവും കുടിയേറ്റവും ശക്തമാകുമെന്ന വിലയിരുത്തലിനിടെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. 2021 വരെ നെതന്യാഹു പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും റെക്കോഡ് ജൂത കുടിയേറ്റമാണ് നടന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ കൈയേറ്റം അനധികൃതമാണ്.
ഇസ്രായേൽ തുടരുന്ന അനധികൃത നിർമാണം ദ്വിരാഷ്ട്ര പ്രശ്നപരിഹാരത്തിന് തടസ്സമാണെന്നാണ് ബ്ലിങ്കന്റെ നിലപാട്. അധികാരത്തിൽ തിരിച്ചെത്തിയ മുതിർന്ന ഇസ്രായേലി നേതാവിന് ബ്ലിങ്കൻ അഭിനന്ദനം അറിയിച്ചു. 'ഞങ്ങളുടെ മാനദണ്ഡം വ്യക്തികളല്ല, സർക്കാർ നയങ്ങളാണ്. പ്രശ്നപരിഹാരത്തിന്റെ അടിത്തറ തോണ്ടുന്ന എല്ലാ നടപടികളെയും ഞങ്ങൾ എതിർക്കും. അത് കുടിയേറ്റം വ്യാപിപ്പിക്കുന്നതിൽ ഒതുങ്ങില്ല. വെസ്റ്റ് ബാങ്കിലെ കൂട്ടിച്ചേർക്കലും വിശുദ്ധ കേന്ദ്രങ്ങൾ തകർക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമെല്ലാം എതിർക്കുക തന്നെ ചെയ്യും' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.