ചൈനയെ നേരിടാൻ സ്വയം ശക്തിപ്പെടണം; മലബാർ എക്സർസൈസിനെ സ്വാഗതം ചെയ്ത് യു.എസ് സെനറ്റർമാർ
text_fieldsവാഷിങ്ടൺ: വാർഷിക നാവികാഭ്യാസ പ്രകടനമായ മലബാർ എക്സർസൈസിനെ സ്വാഗതം ചെയ്ത് അമേരിക്കൻ സെനറ്റർമാർ. സൈനികവും സാമ്പത്തികവുമായ ചൈനീസ് നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ സ്വയം ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിങ് സദ്ദുവിന് അയച്ച കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാട്ടി. നാവികാഭ്യാസ പ്രകടനത്തിൽ പങ്കുചേരാൻ ആസ്ട്രേലിയയെ ക്ഷണിച്ച ഇന്ത്യൻ നടപടിയെയും സെനറ്റർമാർ പിന്തുണച്ചു.
കോവിഡ് മഹാമാരിയെ ലോകം നേരിടുന്ന ഈ സാഹചര്യത്തിലും ഇന്തോ-പസഫിക് മേഖലയിൽ ഉടനീളം സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്. ഈ മോശം നടപടിക്ക് മറുപടിയായി പ്രദേശത്തോടുള്ള പ്രതിബദ്ധത ഉയർത്തികാട്ടാനാണ് അമേരിക്കയുടെ പസഫിക് പ്രതിരോധ ശ്രമം.
ഈ മേഖലയിൽ കൂടുതൽ ശക്തമായ സൈനിക സാന്നിധ്യം ഉറപ്പാക്കുന്നതിന് ഏഷ്യ റീഅഷുറൻസ് ഇനിഷ്യേറ്റീവ് ആക്റ്റ് (ARIA) നടപ്പാക്കും. എന്നാൽ, പ്രതിജ്ഞാബദ്ധരും പ്രാപ്തിയുള്ളവരുമായ സഖ്യകക്ഷികൾക്കിടയിൽ കൂട്ടായ ശ്രമങ്ങളില്ലാതെ ഇത്തരത്തിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാക്കില്ലെന്നും സെനറ്റർമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ നേതൃത്വത്തിൽ സഖ്യരാജ്യങ്ങളുടെ കടൽക്കരുത്ത് വിളംബരം ചെയ്യുന്ന വാർഷിക നാവികാഭ്യാസ പ്രകടനമാണ് മലബാർ എക്സർസൈസ്. അടുത്തമാസം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായാണ് നാവികാഭ്യാസം നടക്കുന്നത്.
1992ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയും അമേരിക്കയും ചേർന്ന് തുടങ്ങിയ പരിപാടിയിൽ 2015ലാണ് ജപ്പാൻ അംഗമായത്. അമേരിക്കയും ജപ്പാനും ഇന്ത്യയും ആസ്ട്രേലിയയുമാണ് സംഘത്തിലെ സ്ഥിരാംഗങ്ങൾ. സ്ഥിരാംഗമാണെങ്കിലും ആസ്ട്രേലിയ ആദ്യമായാണ് പ്രകടനത്തിൽ പങ്കുചേരുന്നത്.
ചൈനയുമായി അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് ഇത്തവണത്തെ മലബാർ പ്രകടനങ്ങൾ. ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ തങ്ങളുടെ സ്വാധീനത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമായിട്ടാണ് മലബാർ അഭ്യാസങ്ങളെ ചൈന വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.