കാർഷിക ഉൽപന്നങ്ങളുടെ അധിക നികുതി കുറച്ച ഇന്ത്യൻ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്ക
text_fields
വാഷിംഗ്ടൺ: അമേരിക്കൻ കാർഷിക ഉൽപന്നങ്ങളുടെ അധിക തീരുവ കുറച്ച ഇന്ത്യൻ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്ക. ഫ്രോസൺ ടർക്കി, ഫ്രോസൺ ഡക്ക്, ഫ്രഷ് ബ്ലൂബെറി, എന്നിവയുൾപ്പെടെ യു.എസ് ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ ഇന്ത്യ കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങളുടെ നികുതി കുറച്ചത്. ഈ നടപടി യു.എസ് കാർഷിക ഉൽപ്പാദകർക്ക് വിപണിയിൽ സാമ്പത്തിക അവസരങ്ങൾ വിപുലപ്പെടുത്തുമെന്നും അമേരിക്കയിൽ നിന്നുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായിക്കുമെന്നും യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റീൽ, അലുമിനിയം അടക്കം ഉൽപന്നങ്ങളുടെ തീരുവ വർധിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് മറുപടിയായായാണ് 2019ൽ 28 യു.എസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ അധിക നികുതി ഏർപ്പെടുത്തിയത്.
പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത യു.എസ് അഗ്രികൾച്ചർ സെക്രട്ടറി ടോം വിൽസാക്ക് ഈ നീക്കം യു.എസ് ഉൽപാദകർക്കും കയറ്റുമതിക്കാർക്കും പുതിയ വിപണി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞു. പ്രധാന പുരോഗതി കൈവരിച്ചെങ്കിലും അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് താരിഫ്, നോൺ-താരിഫ് തടസ്സങ്ങൾ നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള യു.എസ് ടർക്കി കയറ്റുമതിയുടെ താരിഫ് കുറയ്ക്കാനുള്ള കരാറിനെ സെനറ്റർ ആമി ക്ലോബുചാർ സ്വാഗതം ചെയ്തു.
ഇന്ത്യയിലേക്കുള്ള ശീതീകരിച്ച ടർക്കി ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ തീരുവ 30 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്നതാണ് കരാരെന്നും അവർ പറഞ്ഞു. ഇന്ത്യയും യു.എസും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്ന് സെനറ്റർമാരായ മാർക്ക് വാർണറും ടിം കെയ്‌നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.