ജൂലിയൻ അസാൻജിനെ കൈമാറൽ; യു.എസ് അപ്പീൽ ബ്രിട്ടീഷ് കോടതി അംഗീകരിച്ചു
text_fieldsലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട യു.എസിന്‍റെ അപ്പീൽ ബ്രിട്ടീഷ് ഹൈകോടതി അംഗീകരിച്ചു. അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ സംബന്ധിച്ച രഹസ്യരേഖകൾ ചോർത്തിയതിന് വിചാരണ ചെയ്യുന്നതിന് അസാൻജിനെ കൈമാറണമെന്ന യു.എസ് ആവശ്യം ബ്രിട്ടീഷ് സർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു. മേൽകോടതി കൂടി അപ്പീൽ അംഗീകരിച്ചതോടെ അസാൻജിനെ വിചാരണക്കായി രാജ്യത്തെത്തിക്കാനുള്ള അമേരിക്കയുടെ വർഷങ്ങളായുള്ള ശ്രമങ്ങളാണ് വിജയം കാണുന്നത്.
ലൈംഗിക പീഡന കേസിൽ ചോദ്യം ചെയ്യുന്നതിന് സ്വീഡന് കൈമാറുന്നത് ഒഴിവാക്കാൻ 2012ലാണ് ബ്രിട്ടനിലെ എക്വഡോർ എംബസിയിൽ അസാൻജ് അഭയം തേടിയത്. സ്വീഡനിലേക്ക് നാടുകടത്തിയാൽ അമേരിക്ക അറസ്റ്റ് ചെയ്യുമെന്ന് അസാൻജ് ഭയപ്പെട്ടിരുന്നു. ഏഴു വർഷം അവിടെ കഴിഞ്ഞു. ഇതിനിടെ സർക്കാറിന്‍റെ നടപടികളിൽ ഇടപെട്ടെന്നാരോപിച്ച് എക്വഡോർ രാഷ്ട്രീയ അഭയം നിഷേധിച്ചു. പുറത്തിറങ്ങിയ അസാൻജിനെ ബ്രിട്ടൻ പിടികൂടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് ബ്രിട്ടനിൽ ജയിലിൽ കഴിയുകയായിരുന്നു.
നേരത്തെ, നയതന്ത്ര രേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ചാരവൃത്തി ആരോപിച്ച് അമേരിക്ക സമർപ്പിച്ച അപ്പീൽ കീഴ്കോടതി തള്ളിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ തള്ളിയത്. പിന്നാലെയാണ് യു.എസ് മേൽകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.