ഹമാസിനെ ഞെരുക്കാൻ കൂടുതൽ ഉപരോധവുമായി അമേരിക്ക
text_fieldsലണ്ടൻ: ഹമാസിന് ഫണ്ട് ലഭിക്കുന്നത് തടയാനുള്ള കൂടുതൽ നീക്കങ്ങളുമായി അമേരിക്ക. ഇതിന്റെ ഭാഗമായി ഹമാസിനെ സഹായിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഹമാസിനെ കൈയയച്ച് സഹായിക്കുന്നത് ഇറാനാണെന്നും അത് പുതിയ ഉപരോധത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും യു.എസ് ധനകാര്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇറാന്റെ ‘ഇസ്ലാമിക് റെവല്യൂഷനറി ഗാർഡി’ലെ ചില അംഗങ്ങൾ, ഇറാനിലെ ഹമാസ് പ്രതിനിധി എന്നിവർക്കാണ് പുതിയ ഉപരോധം. ഹമാസിന് പണം വരുന്ന മാർഗങ്ങൾ അടക്കാനുള്ള വഴി തേടുകയാണ് യു.എസും ബ്രിട്ടനും. ഇക്കാര്യത്തിലുള്ള ചർച്ചക്കായി യു.എസ് ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയെമോ ലണ്ടനിലെത്തി. ഹമാസ് വിരുദ്ധ നീക്കത്തിൽ യു.എസിന്റെ അടുത്ത സഖ്യകക്ഷിയാണ് ബ്രിട്ടൻ.
ഹമാസ് പോരാളികൾക്ക് പരിശീലനവും സഹായവും നൽകുന്നവരെന്ന് ആരോപിക്കപ്പെടുന്ന ‘ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്’ ഉപവിഭാഗമായ ‘ഖുദ്സ് ഫോഴ്സി’ലെ ഉദ്യോഗസ്ഥരായ അലി മുർഷിദ്, ഷിരാസി, മുസ്തഫ മുഹമ്മദ് ഖനി എന്നിവർക്കും ഹമാസിനും ഇറാൻ സർക്കാറിനുമിടയിലെ ബന്ധത്തിൽ പ്രധാനിയായ ഖാലിദ് ഖദ്ദൗമിക്കുമെതിരെയാണ് യു.എസിന്റെ പുതിയ നടപടി. ‘ഇറാനിയൻ ബുനിയാദ് ശഹീദ്’ ഉൾപ്പെടെയുള്ള സംഘടനകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
ഇവർ ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന്റെ ഭാഗമാണെന്നാണ് യു.എസ് ഭാഷ്യം. ഗസ്സ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അൽ അൻസാർ ചാരിറ്റി അസോസിയേഷൻ’ വഴി ഇവർ ഗസ്സയിലെ പോരാളികളുടെ കുടുംബങ്ങൾക്ക് കോടിക്കണക്കിന് ഡോളർ എത്തിക്കുന്നുവെന്നാണ് യു.എസ് ആരോപണം. ഈ വ്യക്തികൾക്കും സംഘടനകൾക്കും യു.എസ് അധീനതയിലുള്ള എല്ലാ പ്രദേശത്തെയും സ്വത്തുവകകൾ ഇതോടെ മരവിപ്പിക്കും. ഇവരുടെ ധനകാര്യ ഇടപാടുകൾ തടയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.