യു.എസ്.എസ് ഐസനോവറും എത്തുന്നു; അമേരിക്കക്ക് വലിയ ലക്ഷ്യങ്ങൾ?
text_fieldsലണ്ടൻ: യാത്ര പാതിവഴിയിലേറെ പിന്നിട്ട് അമേരിക്കയുടെ രണ്ടാം യുദ്ധക്കപ്പൽ യു.എസ്.എസ് ഡ്വൈറ്റ് ഡി. ഐസനോവർ മെഡിറ്ററേനിയനിലെത്താനൊരുങ്ങുന്നതിനിടെ അമേരിക്കയുടെ യുദ്ധവിമാനങ്ങൾ സിറിയ ലക്ഷ്യമിട്ടത് എന്തുകൊണ്ടായിരിക്കും? ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പൽ യു.എസ്.എസ് ജെറാർഡ് ആർ. ഫോർഡ് ദിവസങ്ങൾക്കുമുമ്പ് എത്തിയ അതേ കടലിലേക്കാണ് മറ്റൊരു ഭീമൻ എത്തുന്നത്.
യു.എസ്.എസ് മെസ വെർദെ കഴിഞ്ഞ ആഴ്ച മുതൽ കിഴക്കൻ മെഡിറ്ററേനിയനിലുണ്ട്. ഏദൻ കടലിടുക്കിലായിരുന്ന യു.എസ്.എസ് ബറ്റാൻ, യു.എസ്.എസ് കാർട്ടർ ഹാൾ എന്നിവ ചെങ്കടലിലേക്ക് നീങ്ങിയിരുന്നു. മറ്റൊന്നായ യു.എസ്.എസ് കാർണിയും ഏറെയായി ഇവിടെത്തന്നെയുണ്ട്. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് ഇത്രയും കൂറ്റൻ യുദ്ധക്കപ്പലുകൾ മേഖലയിൽ അമേരിക്ക ഒന്നിച്ച് അണിനിരത്തുന്നത്. ഓരോ കപ്പലും നിരവധി യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ളവയാണ്. ജെറാർഡിനുമാത്രം 90 യുദ്ധവിമാനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
ഇസ്രായേലിന് ഉറച്ച പിന്തുണക്കൊപ്പം മേഖലയിലെ സംഘർഷം മറ്റിടങ്ങളിലേക്ക് പടരുന്നപക്ഷം നേരിട്ട് ഇടപെടൽ കൂടിയാകും യു.എസ് ലക്ഷ്യമെന്നുറപ്പ്. ‘‘ഇവയെ ഒരിടത്തേക്ക് അയക്കുമ്പോൾ എതിരാളികൾക്ക് ബോധപൂർവമായ ഒരു സന്ദേശം നൽകുകയാണ് ഞങ്ങൾ. ഒപ്പം, എത്രമേൽ ആഴത്തിലുള്ള പിന്തുണയാണ് നൽകുന്നതെന്ന് സൗഹൃദരാജ്യങ്ങളെ അറിയിക്കലും’’ -പെന്റഗൺ വക്താവിന്റെ ഈ വാക്കുകളിൽ എല്ലാമുണ്ട്.
ആണവശേഷിയുള്ള രണ്ട് യുദ്ധക്കപ്പലുകളടക്കം അയക്കുമ്പോൾ മറ്റുചില വലിയ ലക്ഷ്യങ്ങൾ പിന്നിലണ്ടെന്ന് തീർച്ച. നിലവിൽ, ഇറാഖിലും സിറിയയിലും യു.എസിന് താവളങ്ങളുണ്ട്. അവിടങ്ങളിൽ കഴിഞ്ഞ ദിവസം ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ഗസ്സയിലെ ആശുപത്രി ആക്രമിച്ചതിന് പിന്നാലെയായിരുന്നു സിറിയയിലും ഇറാഖിലും അമേരിക്കൻ താവളങ്ങൾ ആക്രമിക്കപ്പെട്ടത്.
ഇറാൻ പിന്തുണയുള്ള മിലീഷ്യ നടത്തിയ ആക്രമണത്തിൽ സിറിയയിലെ തൻഫ് താവളത്തിൽ 15 യു.എസ് സൈനികർക്കും ഇറാഖിൽ അൽഅസദ് താവളത്തിൽ നാലു പേർക്കും പരിക്കേറ്റു. ഇതിന് മറുപടിയായിട്ടാണ് വെള്ളിയാഴ്ച പുലർച്ചെ സിറിയയിൽ പ്രത്യാക്രമണമെന്നും ഇസ്രായേൽ-ഹമാസ് വിഷയവുമായി ഇതിന് ബന്ധമില്ലെന്നും യു.എസ് പറയുന്നു.
ഹമാസിനെതിരെയെന്ന പേരിൽ ഗസ്സയിൽ തുടരുന്ന കുരുതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്ന ഇസ്രായേൽ താൽപര്യത്തിന് പൂർണ പിന്തുണ നൽകുന്ന നീക്കങ്ങളാണ് യു.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
1990ൽ ഇറാഖിൽ സദ്ദാം ഹുസൈനെതിരായ ‘ഓപറേഷൻ ഡെസേർട്ട് ഷീൽഡി’ലാണ് അവസാനമായി യു.എസ് സമാന നാവികസേന വിന്യാസം നടത്തിയിരുന്നത്. 1991 ജനുവരിയിൽ ഇറാഖിനെതിരെ ആക്രമണം നടത്തുന്നതോടെയാണ് ലോകം യഥാർഥ ചിത്രത്തിലേക്ക് ഉണർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.