'തോക്കു കമ്പനി നഷ്ടപരിഹാരം നൽകണം', യു.എസിൽ കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാവ് നിയമനടപടിക്ക്
text_fieldsവാഷിങ്ടൺ: ടെക്സസിലെ ഉവൽഡെ സ്കൂൾ വെടിവെപ്പിൽ കൊല്ലപ്പെട്ട 10 വയസ്സുകാരന്റെ രക്ഷിതാവ് തോക്കുനിർമാണ കമ്പനിക്കെതിരെ കോടതി കയറുന്നു. യു.എസിനെ നടുക്കിയ സംഭവത്തിൽ 19 കുട്ടികളുൾപ്പെടെ 21 പേർ കുരുതിക്കിരയായിരുന്നു. 18കാരനാണ് വെടിവെപ്പ് നടത്തിയത്. ഇവൻ ഉപയോഗിച്ച തോക്ക് നിർമിച്ച ഡാനിയൽ ഡിഫെൻസ് കമ്പനിക്കെതിരെയാണ് നിയമ നടപടിക്കൊരുങ്ങുന്നത്.
18ാം ജന്മദിനത്തിലാണ് സാൽവദോർ റാമോസ് എന്ന കൗമാരക്കാരൻ തോക്ക് സ്വന്തമാക്കുന്നത്. ഇതുമായി സ്കൂളിലെത്തി തുരുതുരാ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. രണ്ടു അധ്യാപകരും കൊല്ലപ്പെട്ടു. 2012ൽ സാൻഡി ഹൂക് എലിമെന്ററി സ്കൂളിൽ നടന്ന സമാന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ തോക്കു കമ്പനി വൻതുക നഷ്ടപരിഹാരം നൽകേണ്ടിവന്നിരുന്നു. 7.3 കോടി ഡോളർ (566 കോടി രൂപ) ആണ് നഷ്ട പരിഹാരം നൽകിയത്.
യു.എസിൽ തോക്കു നിർമാതാക്കൾ പൊതുവെ നിയമപരിരക്ഷയുള്ളവരാണ്. ആളുകൾ ഉപയോഗിച്ച തോക്കിന്റെ പേരിൽ നിർമാതാക്കൾ ശിക്ഷിക്കപ്പെടാറില്ല. എന്നാൽ, നിർമാണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് 2019ൽ സാൻഡി ഹൂക് എലമെന്ററി സ്കൂൾ വെടിവെപ്പ് കേസിൽ നഷ്ടപരിഹാരം വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.