പെൺകുട്ടികൾ പഠിക്കാൻ എത്തുന്നില്ല; സ്കൂളുകളിൽ ശിരോവസ്ത്ര നിരോധനം നീക്കി ഉസ്ബെകിസ്ഥാൻ
text_fieldsതാഷ്കെൻറ്: സ്കൂളുകളിൽ ശിരോവസ്ത്ര നിരോധനം നീക്കി ഉസ്ബെകിസ്ഥാൻ. വിദ്യാർഥികളിൽ പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് നടപടി. ഉസ്ബെകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകിയത്. ഉസ്ബെകിസ്ഥാനിലെ ഭൂരിപക്ഷ മതമാണ് ഇസ്ലാം. രാജ്യത്തെ ഏകാധിപത്യ മതേതര ഭരണകൂടം മതനിയമങ്ങളോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്.
സോവിയറ്റ് യൂനിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം മൂന്ന് പതിറ്റാണ്ടായെങ്കിലും വിശ്വാസത്തിന്മേൽ കർശന നിയന്ത്രണമാണ് ഇപ്പോഴും രാജ്യത്തുള്ളത്. അതിനാൽതന്നെ സ്കൂളുകളിൽ ശിരോവസ്ത്രം നിരോധിച്ചിരുന്നു. ഇതുകാരണം വിശ്വാസികളായ കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ സ്കൂളുകളിൽ വരാതായതോടെയാണ് സർക്കാർ തീരുമാനം പുനഃപ്പരിശോധിക്കുന്നത്. 'നിരവധി രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ച് സ്കൂളുകളിൽ പെൺകുട്ടികൾക്ക് വെള്ള അല്ലെങ്കിൽ ഇളം നിറങ്ങളിലുള്ള ശിരോവസ്ത്രങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു'-വിദ്യാഭ്യാസ മന്ത്രി ഷെർസോഡ് ഷെർമാറ്റോവ് പറഞ്ഞു.
ഓരോ കുട്ടിക്കും മതേതര വിദ്യാഭ്യാസം ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തലമറക്കുന്നതിനുള്ള ശിരോവസ്ത്രത്തിെൻറ ഒരു മാതൃകയും ഉസ്ബെക് വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായ താടി മറക്കുന്ന രീതിയിലുള്ള ഹിജാബ് അല്ല നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇളവ് ഏത് പ്രായത്തിലുള്ള കുട്ടികൾക്കാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ദീർഘനാളായി അധികാരത്തിലിരുന്ന സ്വേച്ഛാധിപതി ഇസ്ലാം കരിമോവിെൻറ മരണശേഷം 2016ൽ രാജ്യത്ത് അധികാരത്തിൽ വന്ന പ്രസിഡൻറ് ഷവ്കാത് മിർസിയോയേവ് സർക്കാർ മതേതര തീവ്രവാദ നിയമങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നു. മതനിയമങ്ങൾ അനുസരിക്കുന്നതിന് നിരവധി അനുവാദങ്ങളും ഇൗ സർക്കാർ നൽകി. ഈ വർഷം ആദ്യം, ഉസ്ബെകിസ്ഥാൻ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കാൻ അനുവാദം നൽകിയിരുന്നു. എന്നാൽ അന്ന് വിദ്യാലയങ്ങൾ പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകിയിരുന്നില്ല. കുട്ടികൾ പള്ളികളിൽ പോകുന്നതിനുള്ള നിയന്ത്രണം, ബാങ്കുകൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള വിലക്ക് എന്നിവയും കരിമോവിെൻറ മരണത്തെത്തുടർന്ന് പിൻവലിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.