കുത്തിവെപ്പ് 100 കോടി പിന്നിട്ടു; ലോകത്തിലെ മൂന്നിലൊന്ന് വാക്സിനും നൽകിയത് ചൈനയിൽ
text_fieldsബീജിങ്: ചൈനയിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതിൻെറ എണ്ണം 100 കോടി ഡോസ് പിന്നിട്ടതായി അധികൃതർ അറിയിച്ചു. അതായത് ലോകത്ത് ആകെ നൽകിയതിൻെറ മൂന്നിലൊന്ന് വരുമിത്.
ആഗോളതലത്തിൽ നൽകിയ കോവിഡ് ഡോസുകളുടെ എണ്ണം 2.5 ബില്യൺ കഴിഞ്ഞതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് 100 കോടി ഡോസ് നൽകിയ കാര്യം ചൈനീസ് അധികൃതർ വ്യക്തമാക്കിയത്.
ചൈനയിലെ ജനസംഖ്യയുടെ എത്ര ശതമാനം പേർ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നത് വ്യക്തമല്ല. എന്നാൽ, വൈറസിനെതിരായ വിജയകരമായ പോരാട്ടത്തിന് ശേഷം വാക്സിനേഷൻ ഡ്രൈവ് ഇപ്പോൾ മന്ദഗതിയിലാണ്.
സുതാര്യതയുടെ അഭാവവും മുമ്പത്തെ വാക്സിൻ അഴിമതികളും പൗരൻമാർക്കിടയിൽ കുത്തിവെപ്പ് എടുക്കുന്നതിൽ വിമുഖതക്ക് കാരണമായിരുന്നു. ജൂൺ അവസാനത്തോടെ രാജ്യത്തെ 1.4 ബില്യൺ ജനങ്ങളിൽ 40 ശതമാനം പേർക്ക് പൂർണമായി പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ചില പ്രവിശ്യകൾ കുത്തിവെപ്പ് എടുക്കാൻ സൗജന്യ വാക്സിനേഷൻ ഉൾപ്പെടെ പലവിധ വാഗ്ദാനങ്ങളും ജനങ്ങൾക്ക് നൽകുന്നുണ്ട്. സെൻട്രൽ അൻഹുയി പ്രവിശ്യയിലെ താമസക്കാർക്ക് മുട്ടകൾ സൗജന്യമായി നൽകുന്നു. ബീജിംഗിൽ താമസിക്കുന്ന ചിലർക്ക് ഷോപ്പിംഗ് കൂപ്പണുകളാണ് വാക്സിനേഷനൊപ്പം നേടാനാവുക.
അതേസമയം, തെക്കൻ നഗരമായ ഗ്വാങ്‌ഷൗവിൽ കൊറോണ വൈറസ് ഡെൽറ്റ വകഭേദം കണ്ടെത്തിയതോടെ പലരും ഇപ്പോൾ വാക്സിനെടുക്കാൻ മുന്നോട്ടുവരുന്നുണ്ട്. ഞായറാഴ്ച 23 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ചൈനയിൽ നിബന്ധനകളോടെ അംഗീകരിച്ച നാല് വാക്സിനുകളാണ് നൽകുന്നത്. എന്നാൽ ഇവയുടെ ഫലപ്രാപ്തി നിരക്ക് 90 ശതമാനത്തിന് മുകളിലുള്ള ഫൈസർ, മോഡേണ വാക്സിനുകളേക്കാൾ ഏറെ പിന്നിലാണ്.
ചൈനയിലെ സിനോവാക് മുമ്പ് ബ്രസീലിൽ നടത്തിയ പഠനത്തിൽ അണുബാധ തടയുന്നതിൽ 50 ശതമാനവും വൈദ്യ സഹായം ആവശ്യമുള്ള കേസുകൾ തടയുന്നതിൽ 80 ശതമാനവും ഫലപ്രാപ്തിയാണ് കാണിച്ചത്. സിനോഫാർമിൻെറ രണ്ട് വാക്സിനുകൾക്ക് യഥാക്രമം 79 ശതമാനവും 72 ശതമാനവും ഫലപ്രാപ്തിയുണ്ട്. കാൻസിനോയുടെ ഫലപ്രാപ്തി 65 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.