മാർപാപ്പയുടെ പ്രതികരണത്തിനെതിരെ ഇസ്രായേൽ; വത്തിക്കാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി
text_fieldsതെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതക്കെതിരെ ഫ്രാൻസിസ് മാർപാപ്പ തുടർച്ചയായി പ്രതികരിച്ചതിന് പിന്നാലെ ജറൂസലമിലെ വത്തിക്കാൻ സ്ഥാനപതിയെ വിളിപ്പിച്ച് ഇസ്രായേൽ. അംബാസഡർ നൂൺസിയോ അഡോൾഫോ ടിറ്റോ യല്ലാനയെയാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ വിളിപ്പിച്ചത്.
ക്രിസ്മസ് ദിനത്തിൽ റോമിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ പ്രസംഗത്തിലും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാർഷിക പ്രഭാഷണങ്ങളിലുമാണ് മാർപാപ്പ ഇസ്രായേലിനെതിരെ രംഗത്തുവന്നത്. ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ‘ഇസ്രായേലിലെയും ഫലസ്തീനിലെയും, പ്രത്യേകിച്ച് മനുഷ്യ ജീവിതം അതീവ ദുസ്സഹമായ ഗസ്സയിലെയും ക്രിസ്ത്യൻ സമൂഹങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. വെടിനിർത്തൽ ഉണ്ടാകട്ടെ. ബന്ദികളെ മോചിപ്പിക്കുകയും പട്ടിണിയും യുദ്ധവും മൂലം തളർന്നിരിക്കുന്ന ജനങ്ങൾക്ക് സഹായം നൽകുകയും ചെയ്യട്ടെ... ’ -അദ്ദേഹം പറഞ്ഞു.
യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ ആയുധങ്ങളുടെ ശബ്ദം നിലക്കട്ടെയെന്നും മാർപാപ്പ പ്രത്യാശിച്ചു. ‘ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ കഴിയട്ടെ’ -എന്നും അദ്ദേഹം കൂടിച്ചേർത്തു. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിൽ കഴിയുന്ന ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിലും സമാധാനം കൈവരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ മാർപാപ്പ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. “ഗസ്സയിൽ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാൻ വേദനയോടെ ഓർക്കുന്നു... കുട്ടികളെ യന്ത്രത്തോക്കുകളാൽ കൊല്ലുന്നു. സ്കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു. എന്തൊരു ക്രൂരതയാണിത്...” -എന്നായിരുന്നു പ്രതിവാര പ്രാർത്ഥനക്ക് ശേഷം മാർപാപ്പ പറഞ്ഞത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ പറഞ്ഞിരുന്നു. തന്റെ വാർഷിക ക്രിസ്‌മസ് പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ പരാമർശങ്ങൾ. 'കുട്ടികൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇത് യുദ്ധമല്ല, ക്രൂരതയാണ്. എന്റെ ഹൃദയത്തെ സ്‌പർശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാൻ ആഗ്രഹിച്ചത്'- വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കർദിനാൾമാരോട് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.