ഇസ്രായേലിനെതിരെ വത്തിക്കാൻ മുഖപത്രം എഡിറ്റോറിയൽ: ‘ഗസ്സ കൂട്ടക്കൊലയെ ന്യായീകരിക്കാനാവില്ല’
text_fieldsവത്തിക്കാൻ സിറ്റി: ഗസ്സയിലെ കൂട്ടക്കൊലയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് കത്തോലിക്കാ സഭയുടെ ആഗോള മുഖപത്രമായ ഒസെർവേത്തോരെ റൊമാനോയുടെ എഡിറ്റോറിയൽ. ‘അരുംകൊല നിർത്തുക’ എന്ന തലക്കെട്ടിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്.
‘ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തോടുള്ള പ്രതിരോധം എന്നപേരിൽ ഗസ്സയിൽ കുട്ടികളടക്കം 30,000 പേരെ കൊന്നതിനെ ന്യായീകരിക്കാനാവില്ല. ലോകമെമ്പാടുമുള്ള ജൂതന്മാർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിന് ഇസ്രായേലിന്റെ ഈ അരുംകൊല പ്രേരകമാകുമെന്ന് റോം ആസ്ഥാനമായുള്ള ഹോളോകോസ്റ്റ് അതിജീവിത എഡിത്ത് ബ്രൂക്ക് പറഞ്ഞിട്ടുണ്ട്’ -വത്തിക്കാൻ എഡിറ്റോറിയൽ ഡയറക്ടർ ആൻഡ്രിയ ടർണിയല്ലി എഴുതിയ എഡിറ്റോറിയലിൽ വ്യക്തമാക്കി.
‘പരിശുദ്ധാത്മാവ് എപ്പോഴും ഇരകളുടെ പക്ഷത്താണ്. അതിനാൽ, സിംചത് തോറ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ കൂട്ടക്കൊല ചെയ്യപ്പെട്ട കിബ്ബുത്സിമിലെ ഇസ്രായേലികളുടെയും പിടിച്ചുകൊണ്ടുപോയ ബന്ദികളുടെയും ഗസ്സയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെയും നിരപരാധികളായ സാധാരണക്കാരുടെയും കൂടെയാണ് ദൈവം. നിരായുധരായ സാധാരണക്കാരാണ് ബോംബാക്രമണങ്ങളുടെയും വെടിവയ്പ്പുകളുടെയും ഇരകളെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. ഇത് യുദ്ധമാണ്, ഇത് തീവ്രവാദമാണ്’ -ഇസ്രായേൽ നടത്തുന്ന യുദ്ധത്തെ എഡിറേറാറിയൽ നിശിതമായി വിമർശിച്ചു.
അതിനിടെ, ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയെ അപലപിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനെതിരെ പരാതിയുമായി ഇസ്രായേൽ രംഗത്തെത്തി. കർദിനാളിന്റെ പരാമർശങ്ങൾ ഖേദകരമാണെന്ന് ഹോളി സീയിലെ ഇസ്രായേൽ എംബസി വത്തിക്കാന് നൽകിയ ഔദ്യോഗിക പരാതിയിൽ പറഞ്ഞു. ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുദ്ധങ്ങളെ അപേക്ഷിച്ച് കൊല്ലപ്പെട്ട ഫലസ്തീൻ സിവിലിയന്മാരുടെ അനുപാതം കുറവാണെന്നും എംബസി അവകാശപ്പെട്ടു.
“ഒക്‌ടോബർ 7ന് നടന്ന കാര്യങ്ങളെ വത്തിക്കാൻ തീർത്തും അപലപിക്കുന്നു. എന്നാൽ, ഇതിനോട് ആനുപാതികമായി മാത്രമേ ഇസ്രായേൽ പ്രതിരോധിക്കാവൂ. ഗസ്സയിൽ 30,000 പേർ മരിച്ചു. ഇസ്രായേലിനോട് യുദ്ധം നിർത്താൻ എല്ലാവരും ഒരുപോലെ ആവശ്യപ്പെടുകയാണ്. കാര്യങ്ങൾ ഇതുപോലെ തുടരാനാവില്ല. ഗസ്സ പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികൾ കണ്ടെത്തണം’ -എന്നായിരുന്നു കർദിനാൾ പിയട്രോ പരോളിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശത്തിൽ യുദ്ധത്തെ അപലപിച്ചിരുന്നു. ബത്‌ലഹേം ആഘോഷ രാവുകൾക്ക് സാക്ഷിയാകണമെങ്കിൽ ഗസ്സയിൽ സമാധാനം പുലരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫലസ്തീനിൽ കുടിയൊഴിപ്പിക്കപ്പെട്ട ഗസ്സ ഇടവകയിലുള്ളവരോട് ഫ്രാൻസിസ് മാർപാപ്പ ദിവസവും വീഡിയോ കോൺഫറൻസ് വഴി സംവദിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.