വെനിസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ടു; സ്പെയിനിൽ രാഷ്ട്രീയാഭയം തേടി
text_fieldsകാരക്കാസ്: പ്രതിപക്ഷ പ്രസിഡന്‍റ് സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ട് സ്പെയിനിൽ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം തർക്കിച്ചതിനെത്തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസിനെതിരെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭരണപക്ഷ പാർട്ടിയായ നാഷനൽ ഇലക്ടറൽ കൗൺസിൽ നിക്കോളാസ് മദുറോയെ വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്.
പ്രധാന പ്രതിപക്ഷ സഖ്യം സ്ഥാനാർഥിയായി നിശ്ചയിക്കുന്നതുവരെ 75 കാരനായ ഗോൺസാലസ് അത്ര അറിയപ്പെട്ടിരുന്നില്ല. പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്ന് അവസാന നിമിഷം കയറി നിൽക്കുകയായിരുന്നു. 52% വോട്ടുകൾ നേടിയ മദൂറോയെ വിജയിയായി പ്രഖ്യാപിച്ച സി.എൻ.ഇയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ഗോൺസാലസ് പ്രത്യക്ഷപ്പെട്ടു. ഗോൺസാലസിനെതിരെ ഗൂഢാലോചനക്കും വ്യാജരേഖകൾ ചമച്ചതിനും അടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. തുടർന്ന് ജൂലൈ 30 മുതൽ ഒളിവിലായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് തലസ്ഥാനമായ കാരക്കാസിലെ സ്പാനിഷ് എംബസിയിൽ ‘സ്വമേധയാ’ അഭയം തേടിയ ശേഷം ഗോൺസാലസ് സ്പാനിഷ് സർക്കാറിനോട് രാഷ്ട്രീയാഭയം ആവശ്യപ്പെട്ടതായി വെനസ്വേലൻ വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കി.
ഗോൺസാലസ് സ്വന്തം ഇഷ്ടപ്രകാരമാണ് രാജ്യം വിട്ടതെന്നും സ്പാനിഷ് എയർഫോഴ്‌സ് വിമാനത്തിലാണ് കടന്നതെന്നും സ്പെയിനിന്റെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. എല്ലാ വെനസ്വേലക്കാരുടെയും രാഷ്ട്രീയ അവകാശങ്ങൾക്ക് സ്പെയിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം വിട്ട് സ്പെയിനിലേക്ക് പോയതായി ഗോൺസാലസിന്റെ അഭിഭാഷകൻ പ്രസ്താവിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
അദ്ദേഹം പോകുമ്പോൾ വെനസ്വേലയിലെ സുരക്ഷാസേന കാരക്കാസിലെ അർജന്‍റീന എംബസി വളഞ്ഞു. പ്രസിഡന്‍റ് മദുറോയുടെ ആറ് രാഷ്ട്രീയ എതിരാളികൾ അവിടെ അഭയം പ്രാപിച്ചതായാണ് റിപ്പോർട്ട്. ഇവർ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് മദുറോയെ അധികാരികൾ വിജയിയായി പ്രഖ്യാപിച്ചതു മുതൽ വെനിസ്വേല രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ഗോൺസാലസ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുകയുണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വിശദമായ വോട്ടിംഗ് ഡേറ്റ പുറത്തുവിടാതെ പ്രസിഡന്‍റ് മദൂറോയെ വിജയിയായി അംഗീകരിക്കാൻ വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.