ഗസ്സയിൽ നാല് സാധാരണക്കാരെ ഇസ്രായേൽ ഡ്രോൺ പിന്തുടർന്ന് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വിഡിയോ പുറത്ത് -VIDEO
text_fieldsഗസ്സ: നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേൽ ഡ്രോൺ പിന്തുടർന്ന് കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അൽ ജസീറ അടക്കമുള്ള ചാനലുകൾ പുറത്തുവിട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് അൽ-സെക്കയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗസ്സയിൽ തകർന്നുവീണ ഇസ്രായേലി ഡ്രോണിൽനിന്നാണ് ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. നാല് പേർ റോഡിലൂടെ നടക്കുന്നതിനിടെ ഇസ്രായേലി ഡ്രോൺ അവർക്കെതിരെ ആക്രമണം നടത്തുകയായിരുന്നു. രണ്ടുപേർ തൽക്ഷണം കൊല്ലപ്പെട്ടു. മറ്റുള്ളവർ രക്ഷപ്പെടാൻ മുന്നോട്ട് പോകുന്നതിനിടെ രണ്ടാമത്തെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. പരിക്കേറ്റ നാലാമത്തെയാളെ വീണ്ടും മിസൈലയച്ച് കൊലപ്പെടുത്തുന്നുതും ദൃശ്യങ്ങളിൽ കാണാം.
വംശഹത്യ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേലിനോട് ഉത്തരവിട്ടതിന് പിന്നാലെ, 2024 ഫെബ്രുവരി ആദ്യവാരത്തിലാണ് ഈ അരുംകൊല നടന്നതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്തയിൽ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. “ഗസ്സയിൽ നിരായുധരായ നാല് ഫലസ്തീനികൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ കുറിച്ച് സമഗ്രവും സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണത്തിന് സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു” -ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.